എസ്‌വി.കോ സിലിക്കൺ വാലി പ്രോഗ്രാമിന് മികച്ച പ്രതികരണം

Posted on: September 2, 2016

Startup-Village-Logo-Big

കൊച്ചി : എസ്‌വി.കോയുടെ സിലിക്കൺ വാലി പരിശീലന പരിപാടിക്ക്  രാജ്യത്തുടനീളമുള്ള എൻജിനിയറിംഗ് കോളജുകളിൽ നിന്ന് മികച്ച പ്രതികരണം. 2017 ജനുവരി രണ്ടിന് ആരംഭിക്കുന്ന കോഴ്‌സിലേക്ക് 24 സംസ്ഥാനങ്ങളിലെ 228 സർവകലാശാലകളിൽ നിന്നുള്ള 1443 എൻജിനീയറിംഗ് കോളജുകളിൽ നിന്ന് 1946 ടീമുകൾ അപേക്ഷിച്ചിട്ടുണ്ട്. ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രക്രിയ ഓഗസ്റ്റ് 31 ന് അവസാനിച്ചു. വിദ്യാർഥികൾക്കായുള്ള ലോകത്തെ പ്രഥമ ഡിജിറ്റൽ ഇൻകുബേറ്ററായ എസ്‌വി.കോയുടെ ആദ്യ ചുവടുവയ്പ്പാണ് ആറുമാസം ദൈർഘ്യമുള്ള സംരംഭക കോഴ്‌സ്.

കാഷ്മീരിൽ നിന്നുള്ള വിദ്യാർത്ഥികളും അപേക്ഷകരിലുണ്ട്. മൊബൈൽ നെറ്റ്‌വർക്ക് സേവനം ഇടവിട്ട് നിരോധിതമാകുന്നതിനാലും കാഷ്മീരിൽ വൺ ടൈം പാസ്‌വേഡ് (ഒടിപി) എസ്എംഎസ് വഴി ലഭ്യമല്ലാത്തതു കൊണ്ടും ഓൺലൈനായി പണം അടയ്ക്കാൻ പ്രയാസം നേരിട്ട കശ്മീർ വിദ്യാർഥികൾക്കായി അപേക്ഷ ഫീസ് ഒഴിവാക്കിയതായി സ്റ്റാർട്ടപ്പ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാർ പറഞ്ഞു.

കോഡിംഗ്, വീഡിയോ ജോലികൾ പൂർത്തിയാക്കുന്ന വിദ്യാർഥികളിൽനിന്ന് മികച്ച ടീമുകളെ സിലിക്കൺ വാലി പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കും. പദ്ധതിയിലേക്ക് 511 അപേക്ഷകളുമായി കേരളമാണ് ഒന്നാംസ്ഥാനത്തുള്ളത്. തമിഴ്‌നാട് (216), ആന്ധ്ര (179), തെലങ്കാന (131), മഹാരാഷ്ട്ര (122), കർണാടക (103), ഗുജറാത്ത് (86), ഉത്തർപ്രദേശ് (81), ഡൽഹി (50), രാജസ്ഥാൻ (49) എന്നിവയാണ് അപേക്ഷകരുടെ എണ്ണത്തിൽ യഥാക്രമം രണ്ട് മുതൽ ഒൻപത് വരെ സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങൾ.

ഇത്രയധികം അപേക്ഷകൾ ലഭിച്ചതുകൊണ്ടും, അപേക്ഷാ കാലാവധി നീട്ടണമെന്ന് ധാരാളം വിദ്യാർഥികൾ ആവശ്യപ്പെട്ടതുകൊണ്ടും പുതിയ ബാച്ച് ആരംഭിച്ചിട്ടുണ്ടെന്ന് സഞ്ജയ് വിജയകുമാർ പറഞ്ഞു. ഓഗസ്റ്റ് 31 ന് അപേക്ഷാ തിയതി അവസാനിച്ച നിലവിലെ ബാച്ചിലേക്ക് പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്ക് www.sv.co എന്ന വെബ്‌സൈറ്റ് വഴി സെപ്റ്റംബർ 30 വരെ രണ്ടാമത്തെ ബാച്ചിലേക്ക് അപേക്ഷിക്കാം.

പ്രോഗ്രാമിലെ പങ്കാളിയായ ഫേസ്ബുക്ക് കാലിഫോർണിയയിലെ മെൻലോ പാർക്കിലുള്ള സ്വന്തം ഡെവലപ്പർ ടീമുമായി ഇടപെടാനുള്ള അവസരം വിദ്യാർഥികൾക്കു നൽകും. പ്രോഗ്രാമിന്റെ ഭാഗമായി 50 വിദ്യാർഥികൾ കാലിഫോർണിയയിലേക്ക് ആറു ദിവസത്തെ സന്ദർശനം നടത്തും. ഫേസ്ബുക്ക് സംഘത്തിനുമുന്നിൽ ആശയങ്ങൾ അവതരിപ്പിക്കാനും അവയെക്കുറിച്ച് പ്രതികരണം തേടാനും ഇവർക്ക് അവസരമുണ്ടാകും. ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ പേടിഎം സ്റ്റാർട്ടപ്പ് വില്ലേജിലെ 30 വിദ്യാർഥികൾക്ക് സമ്പൂർണ സ്‌കോളർഷിപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദേഹം പറഞ്ഞു.