സ്റ്റാർട്ടപ്പ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാർ ഏഷ്യ21-യംഗ് ലീഡർ

Posted on: July 14, 2015

Sanjay-Vijayakumar-Big

അമേരിക്കയിലെ ഏഷ്യാ സൊസൈറ്റിയുടെ ഏഷ്യ21-യംഗ് ലീഡേഴ്‌സ് പട്ടികയിൽ കൊച്ചി സ്റ്റാർട്ടപ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാറും. ഏഷ്യ-പസിഫിക് മേഖലയിലെ രാജ്യങ്ങളിൽ നിന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഏഷ്യ21-യംഗ് ലീഡേഴ്‌സ് ലിസ്റ്റിൽ 22 രാജ്യങ്ങളിലെ പൊതു, സ്വകാര്യ, സന്നദ്ധ സംഘടനാ മേഖലകളിലുള്ള 32 പേരിൽ ആറുപേർ ഇന്ത്യക്കാരാണ്.

സഞ്ജയും മറ്റ് 31 പേരും ഹോങ്കോങിൽ ഡിസംബർ ഒന്നു മുതൽ നാലു വരെ നടക്കുന്ന ഏഷ്യ21 ഉച്ചകോടിയിൽ പങ്കെടുക്കും. ഏഷ്യ21 ന്റെ പത്താം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന ഈ ഉച്ചകോടിയിൽ ഏഷ്യയുടെ വികസനം ലക്ഷ്യമാക്കിയുള്ള വിവിധ കർമസമിതികൾക്ക് രൂപം നൽകും. ലോക പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരും മികച്ച നേട്ടങ്ങൾ കൈവരിച്ചവരും പൊതുജനസേവനത്തിനുവേണ്ടി പ്രതിജ്ഞാബദ്ധരായി പ്രവർത്തിക്കുന്നവരുമായ യുവജനങ്ങളിൽനിന്നാണ് ഏഷ്യാ സൊസൈറ്റി 32 പേരെ തെരഞ്ഞെടുത്തത്. ഇവരുടെ സംഭാവനകൾക്കായി തങ്ങൾ ഉറ്റുനോക്കുകയാണെന്ന് ഏഷ്യാ സൈസൈറ്റി സിഇഒ ജോസറ്റ് ഷീരാൻ വ്യക്തമാക്കി.

ഏഷ്യയും അമേരിക്കയും അവയുടെ സംസ്‌കാരവും മൂല്യങ്ങളും പരസ്പരം അറിയുക എന്ന ലക്ഷ്യം മുൻനിറുത്തി പ്രവർത്തിക്കുക എന്ന ഉത്തരവാദിത്തമാണ് ഈ ബഹുമതിയിലൂടെ തന്നിൽ അർപ്പിതമായിട്ടുള്ളതെന്ന് സഞ്ജയ് വിജയകുമാർ പറഞ്ഞു. ഇന്ത്യൻ യുവത്വം ഉയർച്ചയുടെ പാതയിലാണ്. അവരുടെ സ്വപ്നങ്ങളായിരിക്കും രാജ്യത്തിന്റെ ഭാവി നിർണയിക്കുക. ഇന്ത്യയും സിലിക്കൺ വാലിയും തമ്മിലുള്ള അകലം കുറയ്ക്കാൻ മറ്റു 31 പേരുമായി സഹകരിക്കുമെന്ന് സഞ്ജയ് ചൂണ്ടിക്കാട്ടി.

കേരള-കേന്ദ്ര സർക്കാരുകളുമായി ചേർന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ടെക്‌നോളജി ബിസിനസ് ഇൻകുബേറ്റർ ആയ സ്റ്റാർട്ടപ് വില്ലേജ് തുടങ്ങിയതാണ് സഞ്ജയിന്റെ നേട്ടമായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. തിരുവനന്തപുരം കരമന സ്വദേശിയായ സഞ്ജയ് വിജയകുമാർ തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിംഗ് കോളജിൽ നിന്നാണ് ബിരുദം നേടിയത്. ഇന്ത്യയുടെ ഭാവി നിർണയിക്കാൻ സാധ്യതയുള്ള 37 പേരിൽ ഒരാളായി നേരത്തെ ഇന്ത്യാ ടുഡേ മാസിക സഞ്ജയിനെ തെരഞ്ഞെടുത്തിരുന്നു. ലോക സാമ്പത്തിക ഫോറം, ഗ്ലോബൽ ഷേപ്പർ ആയും സഞ്ജയിനെ തെരഞ്ഞെടുത്തിട്ടുണ്ട്.