ജാക്ക്ഫ്രൂട്ട് 365

Posted on: December 2, 2014

 

James-Joseph-JackFruit365-B

ഒറ്റനോട്ടത്തിൽ ആർക്കും പിടികിട്ടാത്ത സമസ്യയാണ് മൈക്രോസോഫ്റ്റും ചക്കയും തമ്മിലുള്ള ബന്ധം. മൈക്രോസോഫ്റ്റിലെ പദവികൾ ഉപേക്ഷിച്ച് ഒരു മലയാളി ചക്കകൾക്കു പിന്നാലെ പോയി. ജയിംസ് ജോസഫ് ആരംഭിച്ച ജാക്ക് ഫ്രൂട്ട് 365 ഇന്ന് വിപണിയിൽ വിജയവിസ്മയങ്ങൾ തീർക്കുകയാണ്.

ശരാശരി ഇന്ത്യക്കാരന് സ്വപ്‌നം കാണാൻ പോലുമാകാത്ത ഉയർന്ന പദവികൾ ഉപേക്ഷിച്ചാണ് ജയിംസ് പ്ലാവും ചക്കയും തേടി പോയത്. തിരുവനന്തപുരം എൻജിനീയറിംഗ് കോളജിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിടെക്കും ബ്രിട്ടണിലെ വാർവിക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ മാസ്‌റ്റേഴ്‌സും നേടിയ ശേഷമാണ് അമേരിക്കയിലും യൂറോപ്പിലുമായി 18 വർഷം ചെലവഴിച്ചത്. മൈക്രോസോഫ്റ്റ് യുകെ, 3 എം, ഫോർഡ് തുടങ്ങിയ രാജ്യാന്തര കമ്പനികളിലായിരുന്നു ജോലി.

മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ഡയറക്ടറായിരിക്കെയാണ് ചക്കയുടെ ബിസിനസ് സാധ്യതകൾക്ക് പിന്നാലെ ജയിംസ് പോയത്. പാലാ വെളിയന്നൂർ മൂലക്കാട്ട് ജയിംസ് ജോസഫിന്റെ തീരുമാനം കേട്ട് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മൂക്കത്തു വിരൽവച്ചു. പക്ഷെ ജയിംസിന്റെ കണക്കുകൂട്ടലുകൾ തെറ്റിയില്ല. നൂറ്റമ്പതിലേറെ മൂല്യവർധിത ചക്ക വിഭവങ്ങളാണ് ജാക്ക് ഫ്രൂട്ട് 365 തയാറാക്കുന്നത്. പുതിയ തലമുറ അധികപ്പറ്റായി കാണുന്ന ചക്ക മലയാളികൾ തിരിച്ചറിയാത്ത നിധിയാണെന്ന് ജയിംസ് ജോസഫ് പറയുന്നു. ചക്ക ഉത്പന്നങ്ങളിൽ എൺപതിലേറെ പേറ്റന്റുകൾ ഈ ചെറുപ്പക്കാരന് സ്വന്തമാണന്നുകൂടി അറിയണം.

ചക്കയുടെ സംസ്‌കരണത്തിലും വിപണനത്തിലും മൂല്യവർധനയിലും ജാക്ക്ഫ്രൂട്ട് 365 അത്ഭുതങ്ങൾ കാഴ്ചവയ്ക്കുന്നു. ഫ്രീസ് ഡ്രൈ സാങ്കേതിക വിദ്യയിലൂടെ ചക്കച്ചുള സംസ്‌കരിച്ചാണ് ഇദ്ദേഹം വർഷം മുഴുവൻ ചക്ക വിഭവങ്ങൾ ലഭ്യമാക്കുന്നത്. നിർജലീകരണത്തിലൂടെ ചക്കയുടെ ഭാരം 82 ശതമാനത്തോളം കുറയ്ക്കാമെന്ന് ജയിംസ് കണ്ടെത്തി. ചേർത്തല അരൂരിലാണ് ജാക്ക്ഫ്രൂട്ട് 365 ന്റെ ഉത്പാദനകേന്ദ്രം.

ജാക്ക് ഫ്രൂട്ട് ബട്ടർ മസാല, പുഡിംഗ്, ചക്കപ്പായസം, കബാബ്, കേക്ക്, തുടങ്ങിയ വിഭവങ്ങൾ രാജ്യത്തെ മൂന്നു വൻകിട നക്ഷത്രഹോട്ടൽ ശൃംഖലകളിൽ വിജയകമായി അവതരിപ്പിച്ചു. ചക്കയുടെ ഏതുഭാഗവും സംസ്‌കരിച്ച് രുചികരമായ ഉത്പന്നമായി മാറ്റാം. പച്ച ചക്ക, പുഴുക്ക്, ഉപ്പേരി തുടങ്ങിയവ പല കറികൾക്കും ഉപയോഗിക്കാം.

ചക്കപ്പഴത്തിൽ നിന്നും ജാം, ഹൽവ, ജെല്ലി, വൈൻ, ശീതളപാനീയം, നെക്ടർ, വിനാഗിരി, സ്‌ക്വാഷ്, ഐസ്‌ക്രീം, ഫ്രൂട്ട്ബാർ തുടങ്ങിയ നിരവധി ഉത്പന്നങ്ങൾ ജാക്ക് ഫ്രൂട്ട് 365 ന്റെ ശ്രേണിയിലുണ്ട്. ചക്ക പപ്പടമാണ് അടുത്തകാലത്ത് വിപണിയിൽ പ്രിയം നേടിയ മറ്റൊരു ചക്ക വിഭവം. ഏതു വിഭവവും ജാക്ക് ഫ്രൂട്ട് 365 ന്റെ വെബ്‌സൈറ്റിലൂടെ (www.jackfruit365.com) ഓൺലൈനായി വാങ്ങാനുമാകും.

ജനുവരി മുതൽ ജൂൺവരെയാണ് കേരളത്തിൽ ചക്ക സീസൺ. 2,000 കോടി രൂപയുടെ ചക്കയാണ് നമ്മുടെ നാട്ടിൽ ഓരോ വർഷവും പാഴായിപോകുന്നത്. ചക്ക പാഴാക്കികളയാതെ ശരിയായി സംസ്‌കരിച്ച് ഉത്പന്ന വൈവിധ്യവത്കരണം നടത്തിയാൽ വർഷം മുഴുവൻ ഉപയോഗിക്കാമെന്നുമാത്രമല്ല ഒരു ചക്കയിൽനിന്നും ആയിരം രൂപയിൽ കുറയാത്ത ഉത്പന്നങ്ങൾ തയാറാക്കി വരുമാനം നേടാമെന്നാണ് ജയിംസിന്റെ അനുഭവം. ചക്കയെപ്പറ്റി ഗോഡ്‌സ് ഓൺ ഓഫീസ് എന്ന പുസ്തകവും അടുത്തയിടെ ജയിംസ് എഴുതി.

പി. ജെ. ജോസഫ്‌