മുത്തൂറ്റ് എക്‌സിം ആഭരണേതര പ്ലാറ്റിനം ഉത്പന്നങ്ങൾ പുറത്തിറക്കി

Posted on: March 9, 2017

കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റ മെറ്റൽ വിഭാഗമായ മുത്തൂറ്റ് എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് ആഭരണേതര പ്ലാറ്റിനം ഉത്പന്നങ്ങളുടെ അനന്തവർഷം പ്ലാറ്റിനം ശ്രേണി വിപണിയിൽ അവതരിപ്പിച്ചു. വേൾഡ് പ്ലാറ്റിനം ഇൻവെസ്റ്റ്‌മെന്റ് കൗൺസിലുമായി (ഡബ്ല്യുപിഐസി) ചേർന്നാണ് ഇന്ത്യയിൽ ആദ്യമായി ആഭരണേതര പ്ലാറ്റിനം ഉത്പന്നശ്രേണി പുറത്തിറക്കിയിട്ടുള്ളത്.

തുടക്കത്തിൽ 95 ശുദ്ധിയുള്ള പ്ലാറ്റിനത്തിൽ തയാറാക്കിയ ഗണേശ ഭഗവാന്റെ രൂപങ്ങളും ദേവീദേവന്മരുടെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള മെഡലുകളുമാണ് പുറത്തിറക്കുന്നത്. ഏറ്റവും സ്ഥിരതയുള്ള പ്രഷ്യസ് മെറ്റലാണ് പ്ലാറ്റിനം. മാത്രവുമല്ല, വെള്ളിയിലേതുപോലെ കറുത്തുപോവുകയുമില്ല. അതായത് പ്ലാറ്റിനത്തിൽ തീർത്ത പ്രതിമകൾക്കും മെഡലുകൾക്കും പിന്നീട് പോളീഷിംഗും മറ്റും ആവശ്യമില്ല.

മുത്തൂറ്റ് ഫിൻകോർപ്പിന്റെ 624 ശാഖകളിൽ പ്ലാറ്റിനം ഉത്പന്നങ്ങൾ ലഭിക്കുമെന്ന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ തോമസ് മുത്തൂറ്റ് പറഞ്ഞു. ഒരു മാസത്തെ പദ്ധതിയിലോ തുല്യ മാസഗഡുക്കളായുള്ള പദ്ധതി ഉപയോഗിച്ചോ ഉപഭോക്താക്കൾക്ക് പ്ലാറ്റിനം ഉത്പന്നങ്ങൾ വാങ്ങാൻ സാധിക്കും. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഗോൾഡ് പോയിന്റ് സെന്ററിലൂടെ സ്‌പോട്ട് ബൈബാക്ക് ഓപ്ഷനും ലഭ്യമാക്കിയിട്ടുണ്ടെന്നും അദേഹം അറിയിച്ചു.

പ്ലാറ്റിനം ഉത്പന്നങ്ങൾ കൂടുതൽ പേർക്ക് വാങ്ങുവാനും സൂക്ഷിക്കുവാനുമുള്ള അവസരമാണ് മുത്തൂറ്റ് ഫിൻകോർപ് ലഭ്യമാക്കുന്നതെന്നും മുത്തൂറ്റ് പ്രഷ്യസ് മെറ്റൽസ് ഡിവിഷൻ സിഇഒ കെയൂർ ഷാ പറഞ്ഞു. നിക്ഷേപ മാധ്യമമെന്ന നിലയിൽ പ്ലാറ്റിനത്തിന് ഇന്ത്യയിൽ വലിയ സാധ്യതയാണുള്ളതെന്ന് വേൾഡ് പ്ലാറ്റിനം ഇൻവെസ്റ്റ്‌മെന്റ് കൗൺസിൽ മാർക്കറ്റ് ഡെവലപ്‌മെന്റ് ഡയറക്ടർ മാർക്കസ് ഗ്രബ് അഭിപ്രായപ്പെട്ടു.

TAGS: Muthoot Exim |