ജർമ്മൻ നിർമിത ഹീറ്റ് പമ്പുമായി ബണ്ട് സോളാർ

Posted on: March 1, 2017

കൊച്ചി : ബണ്ട് സോളാർ ജർമ്മൻ കമ്പനി ഗ്ലെൻ ഡിംപ്ലക്‌സിന്റെ ഹീറ്റ് പമ്പ് കേരള വിപണിയിൽ അവതരിപ്പിച്ചു. ഗ്ലെൻ ഡിംപ്ലക്‌സുമായി സഹകരിച്ച് ബണ്ട്-ഡിംപ്ലക്‌സ് എന്ന ബ്രാൻഡിലാണ് ഹീറ്റർ പമ്പ് പുറത്തിറക്കുന്നത്.

വീടിനുള്ളിലെ വായുവിന്റെ ചൂട് ഉപയോഗപ്പെടുത്തിയാണ് ഹീറ്റ് പമ്പ് വെള്ളം ചൂടാക്കുന്നത്. ഡീസൽ ബോയ്‌ലറിനെ അപേക്ഷിച്ച് മൂന്നിലൊന്ന് ഊർജം മതി. ഇലക്ട്രിക് ഗീസറുമായി താരതമ്യം ചെയ്യുമ്പോൾ നാലിലൊന്ന് ഊർജം മാത്രമാണ് ഹീറ്റ് പമ്പ് ഉപയോഗിക്കുന്നത്. ഹീറ്റ് പമ്പിന്റെ ഉപോത്പന്നം തണുത്ത വായുവാണ്. ഇത് മുറികൾ ശീതീകരിക്കാൻ ഉപയോഗിക്കാം.

സോളാർ ഘടകം ബന്ധിപ്പിക്കാനുള്ള സൗകര്യവും ബണ്ട് ഡിംപ്ലക്‌സ് ഹീറ്റ് പമ്പുകളിൽ നൽകിയിട്ടുണ്ട്. മൂന്ന് താപനിലകൾ ഹീറ്റ് പമ്പിൽ ക്രമീകരിക്കാം. റിമോട്ട് കൺട്രോൾ മുഖേനയോ സ്മാർട്ട്‌ഫോൺ ആപ്പ് ഉപയോഗിച്ചോ ഇതിന്റെ പ്രവർത്തനം നിയന്ത്രിക്കാം. ഉപയോഗം അനായാസമാക്കുന്ന ടച്ച് സ്‌ക്രീൻ നിയന്ത്രണ സംവിധാനവും ഹീറ്റ് പമ്പിൽ നൽകിയിട്ടുണ്ട്. കാഴ്ചയ്ക്ക് ഭംഗിയുള്ള രൂപകൽപ്പനയാണ്. വലുപ്പവും കൂടുതലില്ല. ടവർ എസി വയ്ക്കാനുള്ള സ്ഥലം മതി ഹീറ്റ് പമ്പിനും.

പുനരുപയോഗ ഊർജ സ്രോതസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയെന്ന സമാനലക്ഷ്യമാണ് ഇരുകമ്പനികൾക്കുമെന്ന് ഗ്ലെൻ ഡിംപ്ലക്‌സ് ഇന്റർനാഷണൽ സെയിൽസ് ഡയറക്ടർ വോക്കർ റൂൾ പറഞ്ഞു. വളരെ കുറഞ്ഞ അളവിൽ ഊർജം ഉപയോഗിച്ച് ചൂടുവെള്ളം ഉണ്ടാക്കാനുള്ള സംവിധാനമാണ് ഹീറ്റ് പമ്പ് എന്ന് ബണ്ട് സോളാർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ചന്ദ്രശേഖർ ഷെട്ടി പറഞ്ഞു.

ഒരു കുടുംബത്തിന്റെ ഉപയോഗത്തിന് വർഷം മുഴുവൻ ചൂടുവെള്ളം നൽകാൻ ഹീറ്റ് പമ്പിനു കഴിയും. ജലം ചൂടാക്കാൻ ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ 70 ശതമാനവും അന്തരീക്ഷവായുവിൽ നിന്ന് സ്വീകരിക്കുന്നതിനാൽ വൈദ്യുതി ഉപഭോഗം ഹീറ്റ് പമ്പിനു നന്നേ കുറവാണ്. വിവിധ ശേഷിയിലുള്ള ബണ്ട് ഡിംപ്ലക്‌സ് ഹീറ്റ് പമ്പുകൾക്ക് 2.50 ലക്ഷം രൂപ മുതൽ 3.40 ലക്ഷം രൂപ വരെയാണ് വില. രണ്ട് വർഷത്തെ ഇന്റർനാഷണൽ വാറന്റിയുണ്ട്. ബണ്ട് സോളാർ ഇന്ത്യയാണ് സർവീസ് പിന്തുണനൽകുന്നത്.

TAGS: Bunt Solar |