സാംസംഗ് കർവ്ഡ് ഗെയിമിങ് മോണിട്ടർ പുറത്തിറക്കി

Posted on: February 4, 2017

കൊച്ചി : സാംസംഗ് ഇലക്ട്രോണിക്‌സ് ഇന്ത്യയിലെ ആദ്യത്തെ കർവ്ഡ് ഗെയിമിങ് മോണിട്ടർ പുറത്തിറക്കി. 1800 എം.എം. റേഡിയസ് ഉള്ളതും ലോകത്തു തന്നെ ഏറ്റവും കൂടുതൽ ചരിവുള്ള പ്രതലത്തോടു കൂടിയതുമായ മോണിട്ടറാണിത്. ഗെയിമുകൾ കൂടുതൽ സൗകര്യപ്രദവും ആസ്വാദ്യവുമാക്കുന്നതാണിതിന്റെ സവിശേഷത. 144 ഹെർട്ട്‌സ് റഫ്രഷ് നിരക്ക്, ഒരു മില്ലീ സെക്കൻഡ് പ്രതികരണ സമയം തുടങ്ങി ഗെയിമുകൾ ഉപയോഗിക്കുന്നവർക്ക് ഏറെ ആവേശകരമായ സംവിധാനങ്ങളും ഇതിലുണ്ട്. ഈ മേഖലയിൽ ഇതു വരെ ദർശിക്കാനായിട്ടില്ലാത്ത വിധം ഉയർന്ന തലത്തിലുള്ള ചിത്രങ്ങൾ അടക്കം ഇതിന്റെ ക്വാണ്ടം ഡോട്ട് സാങ്കേതികവിദ്യ ലഭ്യമാക്കുന്നുണ്ട്.

ഗെയിമുകൾ ഉപയോഗിക്കുന്നവർ ഏറ്റവും മികച്ച ഡിസ്‌പ്ലേ ലഭ്യമാക്കുന്ന സാങ്കേതികവിദ്യയാണ് ആഗ്രഹിക്കുന്നതെന്നും അതു വഴി ഗെയിമിലെ ഏറ്റവും ചെറിയ ഘടകങ്ങൾ പോലും ആസ്വദിക്കുവാൻ അവർ അവസരം തേടുകയാണെന്നും ഇതേക്കുറിച്ചു പ്രതികരിച്ചു കൊണ്ട് സാംസംഗ് ഇന്ത്യ ഇലക്ട്രോണിക്‌സ് ഡയറക്ടർ പുനീത് സേത്തി പറഞ്ഞു. രാജ്യത്ത് ഗെയിമുകൾ ആസ്വദിക്കുന്നവർക്കായി കൂടുതൽ മെച്ചപ്പെട്ട മോണിറ്ററുകൾ ആവശ്യമുണ്ടന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ ആവേശം പകർന്നു കൊണ്ട് നൈസർഗിക വർണങ്ങൾ ലഭ്യമാക്കുന്നതിനു കഴിയുന്നതാണ് ഈ പുതിയ മോണിട്ടറിലെ ക്വാണ്ടം സാങ്കേതികവിദ്യ പ്രൊഫഷണൽ ഗെയിമർമാർക്ക് ഉതകുന്ന സവിശേഷതകളുമായാണ് എൽ.സി. 24എഫ്.ജി.70, എൽ.സി. 27എഫ്.ജി.70 എന്നീ മോണിട്ടറുകൾ അവതരിപ്പിച്ചിരിക്കുന്നത്. എൽ.സി. 24എഫ്.ജി.70, 35,000 രൂപയും എൽ.സി. 27എഫ്.ജി.70, 42,000 രൂപയുമാണ് വില.