ആസ്‌വ ആഭരണശേഖരം അവതരിപ്പിച്ചു

Posted on: January 28, 2017

കൊച്ചി : കരകൗശല വിദഗ്ദ്ധരുടെ കരവിരുതും വധുക്കളെ അണിയിച്ചൊരുക്കുന്ന അംബികാപിള്ളയുടെ സൗന്ദര്യ സങ്കൽപങ്ങളും സമഞ്ജസമായി സമ്മേളിക്കുന്ന ആഭരണ ശേഖരം ആസ്‌വ അവതരിപ്പിച്ചു. ആധുനിക ഇന്ത്യൻ വധുക്കളുടെ സങ്കൽപത്തിനനുസരിച്ച് രൂപകൽപന ചെയ്ത ആസ്‌വ ആഭരണങ്ങൾ പാരമ്പര്യത്തിന്റേയും സമകാലീനതയുടേയും ഫാഷൻ നിറക്കൂട്ടുകളിൽ ചാലിച്ചെടുത്തവയാണ്. പാരമ്പര്യത്തിന്റെ ചാരുതയും സമകാലീന ഡിസൈനും ഒത്തിണങ്ങിയവയാണ് ആസ്‌വ ആഭരണ ശേഖരം.

കരകൗശലത്തിന്റെ വൈവിധ്യവും ആധുനികതയുടെ പരിവേഷവുമുള്ള ഗ്ലാമർ അവതരണമാണ് അംബികാ പിള്ളയുമായി ചേർന്ന് അസ്‌വ അതീവ വൈദഗ്ധ്യത്തോടെ നടത്തിയിരിക്കുന്നത്. സപ്തനിര ഹാരം ആണ് ശ്രദ്ധേയം. കടുത്ത നിറം ഇഷ്ടപ്പെടാത്ത വധുവിനുവേണ്ടിയുള്ള സപ്തനിര ഹാരം നൃത്തം ചെയ്യുന്ന മയൂരത്തിന്റെ മോട്ടിഫുകളോടുകൂടിയതാണ്. ഓരോ അറ്റത്തുമുള്ള മയൂരങ്ങളിൽ ഇനാമലും കുന്തൻ സെറ്റുമുള്ള കല്ലുകളുമുണ്ട്.

സമ്പുഷ്ടമായ പതക്കങ്ങളോടു കൂടിയ നെക്‌ലേസ് ആണ് മറ്റൊരു ആകർഷണീയത. നെക്‌ലേസിലെ പിങ്ക് നിറത്തിലുള്ള കല്ലുകളും സ്വർണ ദളങ്ങളും അരികുകളെ അലങ്കരിക്കും. ചുവന്ന കല്ലു പതിപ്പിച്ച്, ചുറ്റും പിയർ പഴത്തിന്റെ ചേലുള്ള ഏഴ് കുന്തൻ സെറ്റ് കല്ലുകൾ ചേർത്ത അലുക്കുകൾ ആകർഷണീയങ്ങളാണ്. കാതുകളിൽ പറ്റിച്ചേർന്ന് കിടക്കുന്ന പിയർ ആകൃതിയിലുള്ള ഒതുക്കമുള്ള സ്റ്റഡുകളിൽ വിളക്കിച്ചേർത്തിരിക്കുന്നത് സൂക്ഷ്മമായ ചിത്രപ്പണികളോടെ ഏഴ് സ്വർണത്തകിടുകളുള്ള ജിമുക്കികളാണ്. കുന്തൻ സെറ്റ് കല്ലുകളുടെ മധ്യത്തിലുള്ള പിങ്ക് കല്ലിൽ സ്വർണമുത്തുകൾ ഞാന്നു കിടക്കും.

ഇനാമൽ അരികുകളിലുള്ള കല്ലുകൾ ആകർഷകമായ ചുവപ്പ്, പച്ച നിറങ്ങളുള്ളവയാണ്. ഇതിനൊപ്പം കാതിലണിയുന്ന 22 കാരറ്റ് സ്വർണ കമ്മലുകൾ കൈകൊണ്ട് ചെയ്‌തെടുത്തവയും. പെയ്സ്ലി ശൈലിയിലുള്ള ഏഴ് സ്വർണ ഇതളുകളാണ് ഇതിലുള്ളത്. അറ്റത്ത് തുള്ളി പോലെയുള്ള സ്വർണമുത്തുമുണ്ട്.

പരമ്പരാഗതി രീതികൾ ഇഷ്ടപ്പെടുന്ന ആധുനിക യുവതികൾക്കുവേണ്ടിയുള്ളതാണ് ഏഴ് ഭാഗങ്ങളുള്ള ബ്രൈഡൽ അലങ്കാരം. ചന്ദ്ബാലി പതക്കത്തോടുകൂടിയ നെക്‌ലെസാണ് മറ്റൊരിനം. ഇതിൽ സ്വർണ തകിടുകളിൽ പിങ്ക് മുത്തുകൾ പതിച്ചിരിക്കുന്നു. കൈകൊണ്ട് ചെയ്‌തെടുത്ത ഹാത്ഫൂലും പരത്തി ഉണ്ടാക്കിയ ബജുബാൻഡും ശ്രദ്ധേയമാണ്. വൃത്താകൃതിയിലുള്ള വളകളുടെ അടിസ്ഥാനം മെടഞ്ഞെടുത്ത ഏഴ് പരന്ന സ്വർണകമ്പികളാണ്.