ടി.എസ് കല്യാണരാമന് പുരസ്‌കാരം

Posted on: February 21, 2019

കൊച്ചി : കല്യാണ്‍ ജൂവലേഴ്‌സിന്റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് കല്യാണരാമന് നാല്പ്പത്തിനാലാമത് ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ (ഐഎഎ) വേള്‍ഡ് കോണ്‍ഗ്രസില്‍ പ്രത്യേക പുരസ്‌കാരം. കേരളത്തില്‍നിന്നുള്ള പ്രാദേശിക ബ്രാന്‍ഡായിരുന്ന കല്യാണ്‍ ജൂവലേഴ്‌സിനെ ദേശീയതലത്തിലും ആഗോളതലത്തിലും പ്രിയപ്പെട്ട ബ്രാന്‍ഡായി വളര്‍ത്തിയെടുക്കുന്നതിന് ടി.എസ്. കല്യാണരാമന്‍ നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നല്കിയത്. കല്യാണ്‍ ജൂവലേഴ്‌സിന്റെ ദേശീയ ബ്രാന്‍ഡ് അംബാസിഡറും ബോളിവുഡ് സൂപ്പര്‍സ്റ്റാറുമായ അമിതാഭ് ബച്ചന്‍ ടി.എസ് കല്യാണരാമന് അവാര്‍ഡ് സമ്മാനിച്ചു.

കല്യാണ്‍ ജൂവലേഴ്‌സിന്റെ മാര്‍ക്കറ്റിംഗ് കമ്യൂണിക്കേഷന്‍ മികവിന് ലഭിച്ച അംഗീകാരമായി ഈ ബഹുമതിയെ കണക്കിലെടുക്കുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. കല്യാണ്‍ ജൂവലേഴ്‌സിന് ഇന്നത്തെ നിലയില്‍ എത്തിച്ചേരുന്നതിന് സഹായിച്ച ഉപയോക്താക്കള്‍ക്കായി ഈ പുരസ്‌കാരം സമര്‍പ്പിക്കുകയാണ്. കേരളത്തിലെ ഒരൊറ്റ സ്റ്റോറില്‍നിന്ന് മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും വിദേശത്തേയ്ക്കും വളര്‍ന്നപ്പോള്‍ ഉപയോക്താക്കളുടെ വിശ്വാസ്യതയുടെ അടിത്തറയായിരുന്നു പിന്‍ബലം. ഓരോ പ്രദേശത്തേയും ഉപയോക്താക്കളുടെ അഭിരുചിക്കും ഇഷ്ടത്തിനും പ്രാദേശികമായ സംസ്‌കാരത്തിനും അനുസരിച്ചായിരുന്നു ബ്രാന്‍ഡിനായുള്ള പരസ്യപ്രചാരണങ്ങളും മറ്റും രൂപപ്പെടുത്തിയിരുന്നത്. ഈ സമീപനമാണ് വിവിധ രാജ്യങ്ങളിലെ വിപണികളില്‍ വിജയിക്കുന്നതിന് വഴിയൊരുക്കിയത് എന്ന് അദ്ദേഹം പറഞ്ഞു.

ഓരോ പ്രദേശത്തേയും ഉപയോക്താക്കളെ മനസില്‍ കണ്ട് പ്രാദേശികതയ്ക്ക് ഊന്നല്‍കൊടുക്കുന്ന പരസ്യരീതിയിലൂടെ നേടിയ വിജയമാണ് പുരസ്‌കാരത്തിലൂടെ അംഗീകരിക്കപ്പെട്ടത്. ഓരോ സംസ്ഥാനത്തേയും പ്രതിനിധീകരിക്കുന്ന ബ്രാന്‍ഡ് അംബാസഡര്‍മാരും ഓരോ പ്രദേശത്തിനും അനുരൂപമായ പരസ്യങ്ങളും ബ്രാന്‍ഡിനെ കൂടുതല്‍ സ്വീകാര്യതയുള്ളതാക്കി. പ്രാദേശിക വിപണികളിലെ താരങ്ങളായ നാഗാര്‍ജുന, പ്രഭു, ശിവരാജ് കുമാര്‍, മഞ്ജു വാര്യര്‍ എന്നിവരുടെ ആരാധകര്‍ ബ്രാന്‍ഡിനെ പടുത്തുയര്‍ത്തുന്നതിലും ഉപയോക്താക്കളുമായി ശക്തമായ ബന്ധം സ്ഥാപിച്ചെടുക്കുന്നതിലും സഹായിച്ചു. ദേശീയ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ അമിതാഭ് ബച്ചന്‍ ബ്രാന്‍ഡിന് മികച്ച പിന്തുണയാണ് നല്കിയത്.

1993-ല്‍ ഒരു ഷോറൂമുമായി തുടക്കമിട്ട കല്ല്യാണിന് ഇന്ന് ഇന്ത്യയിലെമ്പാടും ജിസിസി രാജ്യങ്ങളായ യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളിലുമായി 136 ഷോറൂമുകളുണ്ട്. കാന്‍ഡെയര്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ ജൂവലറി പോര്‍ട്ടലും കല്യാണിന് സ്വന്തമായുണ്ട്. ആഭരണവ്യവസായരംഗത്ത് ആത്മാര്‍ത്ഥത, വിശ്വാസം, ഗുണമേന്മ, സുതാര്യത, പുതുമ തുടങ്ങിയ കാര്യങ്ങളില്‍ കല്യാണ്‍ ജൂവലേഴ്‌സ് ഉപയോക്തൃകേന്ദ്രീകൃതമായ പുതിയ മാതൃകയും നിലവാരവും കഴിഞ്ഞ വര്‍ഷങ്ങളായി കണ്ടെത്തിയിരുന്നു.