കെ. എന്‍ രാധാകൃഷ്ണന്‍ ടി വി എസ് ഡയറക്ടര്‍

Posted on: October 24, 2018

കൊച്ചി : ടി വി എസ് മോട്ടോര്‍ കമ്പനി കെ. എന്‍. രാധാകൃഷ്ണനെ മുഴുവന്‍ സമയ ഡയറക്ടറായി നിയമിച്ചു. അഞ്ചു വര്‍ഷമാണ് കാലാവധി. കമ്പനിയുടെ ഡയറക്ടറും സിഇഒയുമായി പ്രവര്‍ത്തിക്കും.

സുന്ദരം ക്ലേടണില്‍ മാനേജ്‌മെന്റ് ട്രെയിനിയായി 1986 ല്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച രാധാകൃഷ്ണന്‍ താമസിയാതെ ഗ്രൂപ്പിന്റെ ബിസിനസ് പ്ലാനിംഗ് മേധാവിയും ടിക്യുഎമ്മുമായി. ഇക്കാലത്ത് അദേഹം കമ്പനിക്ക് പ്രശസ്തമായ ഡെമിംഗ് സമ്മാനം നേടികൊടുത്തു. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായിരുന്നു സുന്ദരം ക്ലേടണ്‍.

അദേഹത്തെ 2004 ല്‍ ടി വി എസ് മോട്ടോറിന്റെ വൈസ് പ്രസിഡന്റായും 2008 ല്‍ പ്രസിഡന്റായും ഉയര്‍ത്തി. അദേഹത്തിന്റെ നേതൃത്വത്തില്‍ ടിവിഎസ് കമ്പനി ഇന്ത്യയില്‍ ടൂവീലര്‍ വില്‍പ്പനയില്‍ മൂന്നാമത്തെ വലിയ കമ്പനിയായി വളര്‍ന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ടൂവീലര്‍ വിഭാഗത്തില്‍ ഉപഭോക്തൃ സംത്യപ്തിയില്‍ ജെഡി പവര്‍ ടിവിഎസിനെ നമ്പര്‍ വണ്‍ കമ്പനിയായി അംഗീകരിക്കുന്നു. ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310ന്റെ അവതരണത്തോടെ കമ്പനി സൂപ്പര്‍ പ്രീമിയം വിഭാഗത്തിലേക്കും കടന്നു. രാധാകൃഷ്ണന്‍ കമ്പനിയെ വികസിപ്പിച്ച് 60 രാജ്യാന്തര വിപണികളിലെത്തിച്ചു. നിലവാരത്തിലും പുതിയ സാങ്കേതിക വിദ്യകളിലുമായിരുന്നു അദേഹത്തിന്റെ പൂര്‍ണ ശ്രദ്ധ.

ടി വി എസ് കമ്പനിയെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള ആളാണ് രാധാകൃഷ്ണനെന്നും അദേഹത്തെ ഡയറക്ടറും സി ഇ ഒയുമായി നിയമിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കമ്പനിയിലെ അദേഹത്തിന്റെ പരിചയം കൂടുതല്‍ വളര്‍ച്ചയ്ക്കു മുതല്‍ക്കൂട്ടാവുമെന്ന് ഉറപ്പുണ്ടെന്നും ടി വി എസ് മോട്ടോര്‍ കമ്പനി ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍ പറഞ്ഞു.