വാസുദേവൻ തച്ചോത്തിന് അന്താരാഷ്ട്ര അംഗീകാരം

Posted on: January 29, 2017

കൊച്ചി : മരുഭൂമിയിൽ നിന്നും ബയോഡീസൽ വികസിപ്പിച്ചെടുത്ത വാസുദേവൻ തച്ചോത്തിന് അന്താരാഷ്ട്ര അംഗീകാരം. വാസുദേവന്റെ ആശയം, തുർക്കിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഇന്റർനാഷണൽ ജേർണൽ ഓഫ് റിന്യൂവബിൾ എനർജി റിസർച്ച് (ഐജെആർഇആർ) എന്ന മാസികയാണ് ശാസ്ത്രലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. വാസുദേവൻ തച്ചോത്തിന്റെ ലേഖനത്തിന്റെ പൂർണരൂപം http://www.ijrer.org/ijrer/index.php/ijrer/article/view/4661 എന്ന ലിങ്കിൽ ലഭ്യമാണ്.

വനസ്പതിയിൽ നിന്നും ആൽഗേകളിൽ നിന്നും ബയോഡീസൽ, ഗവേഷകർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിന് ആവശ്യമായ അസംസ്‌കൃത പദാർത്ഥങ്ങൾ സുലഭമല്ല. അതുകൊണ്ടാണ് മരുഭൂമിയിൽ നിന്നും ഡീസൽ എന്ന ആശയം വാസുദേവൻ തച്ചോത്ത് മുന്നോട്ടുവയ്ക്കുന്നത്. മരുഭൂമിയും കടലും ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ കൃത്രിമ തടാകങ്ങൾ നിർമിച്ച് സമുദ്രജലം നിറച്ച്, അതിൽ പായൽ പോലുള്ള ആൽഗേകളെ വളർത്തി ബയോഡീസൽ നിർമിക്കാം എന്നതാണ് ആശയം.

ഗുജറാത്തിലെ കച്ചിൽ ലക്ഷക്കണക്കിന് ഹെക്ടർ മരുഭൂമി കടലിനോട് ചേർന്നു കിടപ്പുണ്ട്. ഒരു ഏക്കറിൽ നിന്നും പത്തു ദിവസത്തിനുള്ളിൽ 5000 മുതൽ 10,000 ഗാലൻ എണ്ണ വരെ ആൽഗേയിൽ നിന്നും ലഭിക്കുന്നു. നാന്നൂക്ലോറോപ്‌സിസ് സാലിന, ദുനളിനില്ല ട്രഷലിക്ട എന്നിവ ബയോഡീസൽ നിർമിക്കുന്നതിനായി സമുദ്ര ജലത്തിൽ വളർത്താവുന്ന മികച്ച ആൽഗേകളാണ്.  ഈ പദ്ധതി പ്രായോഗികമാക്കുകയാണെങ്കിൽ ഇന്ത്യക്ക് ആവശ്യമായ മുഴുവൻ ഹരിത ഇന്ധനം കച്ച് ജില്ലയിൽ നിന്ന് മാത്രം ഉത്പാദിപ്പിക്കാം എന്ന് വാസുദേവൻ പറയുന്നു.

ലോകമെമ്പാടും കച്ച് ജില്ലയിലെ പരിസ്ഥിതിയോട് സാമ്യമുള്ള ഒട്ടനവധി സ്ഥലങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിലെ നമ്പി മരുഭൂമി, സൗദി അറേബ്യ, യുഎഇ, യമൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ ഉള്ള റബ് അൽ ഖാലി മരുഭൂമി എന്നിവ ആൽഗേ കൃഷി ചെയ്യാൻ പറ്റിയ കടലോര പ്രദേശങ്ങളാണ്. അവിടെയെല്ലാം ഈ പദ്ധതി പരീക്ഷിക്കാവുന്നതാണെന്നും വാസുദേവന്റെ ലേഖനത്തിൽ പറയുന്നു.

പട്ടാമ്പി സ്വദേശിയായ വാസുദേവൻ തച്ചോത്ത് കോയമ്പത്തൂരിലെ നിർമാൺ ഇൻഡസ്ട്രീസിന്റെ ഉടമയാണ്. എൽഇഡി ലൈറ്റിംഗ്‌സ്, ഇലക്ട്രിക്കൽ ആക്‌സസറീസ് എന്നിവയുടെ രണ്ട് നിർമാണ യൂണിറ്റുകൾ വാസുദേവന് കോയമ്പത്തൂരും ന്യൂഡൽഹിയിലും ഉണ്ട്. വി-കിറ്റ് കണ്ടുപിടുത്തത്തിന് ബംഗലുരുവിലെ സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും, ഇന്ത്യൻ ആർമിയും വാസുദേവനെ പ്രശംസിച്ചിട്ടുണ്ട്.

വാസുദേവന്റെ ഇന്റർപ്രട്ടേഷൻ ഓഫ് നാച്ചുറൽ ഹീലിങ്ങ് ഓഫ് ഓസോൺ ഹോൾസ് എന്ന ലേഖനം അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ഇന്നോവേറ്റീവ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.