റെജി ജോസഫിന് മാധ്യമ അവാർഡ്

Posted on: January 26, 2017

തിരുവനന്തപുരം : ക്ഷീരോത്പാദന മേഖലയിലെ മികച്ച മാധ്യമ റിപ്പോർട്ടിന് സംസ്ഥാന ക്ഷീരവികസന വകുപ്പ് ഏർപ്പെടുത്തിയ മാധ്യമ അവാർഡിന് ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ് അർഹനായി. ദീപികയിൽ പ്രസിദ്ധീകരിച്ച മലനാട്ടിൽ പെണ്ണൊരുമയുടെ വിജയക്കൊയ്ത്ത് എന്ന ലേഖനത്തിനാണ് പുരസ്‌കാരം. പതിനായിരം രൂപയും ഫലകവും അടങ്ങുന്ന അവാർഡ് ജനുവരി 30 ന് പട്ടാമ്പിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.

കാഞ്ഞിരപ്പള്ളി പഴയിടം പുല്ലുതുരുത്തിയിൽ പി.ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനായ റെജിക്ക് പത്രപ്രവർത്തനരംഗത്തെ മികവിന് ദേശീയ അന്തർദേശീയ അവാർഡുകളും ഫെലോഷിപ്പുകളും ഉൾപ്പെടെ ലഭിച്ച 72 ാമത്തെ പുരസ്‌കാരമാണിത്. റൂറൽ റിപ്പോർട്ടിംഗിനുള്ള സ്റ്റേറ്റ്‌സ്മാൻ അവാർഡ് മൂന്നു തവണ റെജി ജോസഫിന് ലഭിച്ചിട്ടുണ്ട്. ഭാര്യ ആഷ്‌ലി തെരേസ ജോസ് ഇളങ്ങുളം സെന്റ് മേരീസ് ഹൈസ്‌കൂൾ അധ്യാപികയാണ്. മക്കൾ : ആഗ്നസ് തെരേസ്, അൽഫോൻസ് (ഇരുവരും ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ).