സെബി ജോസഫ് ഓട്ടിസ് ഇന്ത്യ പ്രസിഡന്റ്

Posted on: December 11, 2016

sebi-joseph-otis-india-big

കൊച്ചി : സെബി ജോസഫ് ലിഫ്റ്റ് നിർമാതാക്കളായ ഓട്ടിസ് ഇന്ത്യ പ്രസിഡന്റ്. എറണാകുളം തൃക്കാക്കര സ്വദേശിയാണ്. തൃക്കാക്കര ഭാരതമാതാ കോളേജ്, കോഴിക്കോട് റീജണൽ എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന് 1987 ൽ എൻജിനീയറിംഗ് ട്രെയിനിയായി ഓട്ടിസിൽ ചേർന്ന സെബി ജോസഫ്, 2003 മുതൽ 2007 വരെ ഓട്ടിസ് ഫിലിപ്പീൻസിന്റെ പ്രസിഡന്റും ജനറൽ മാനേജരുമായിരുന്നു. 2008 ൽ ഓട്ടിസ് ദക്ഷിണേഷ്യ-പസിഫിക്, ഗൾഫ് മേഖലയിലെ ഡയറക്ടർ (മാർക്കറ്റിംഗ്, സെയിൽസ് ആൻഡ് കമ്മ്യൂണിക്കേഷൻസ്) ആയും 2009 ൽ യുഎഇയിലെ ജനറൽ മാനേജരായും 2011 ൽ ഗൾഫ് മേഖലയിലെ ഡയറക്ടറായും നിയമിതനായി.

ഇന്ത്യയിൽ തിരിച്ചെത്തിയ സെബി ഓട്ടിസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി. 2012 ൽ വീണ്ടും വിദേശത്തേക്ക് പോയ അദ്ദേഹം ഓട്ടിസ് ഇന്ത്യ പ്രസിഡന്റ് എന്ന നിലയിൽ 2015 ഒക്‌ടോബറിലാണ് തിരിച്ചെത്തിയത്. ഇന്ത്യക്ക് പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളുടെയും ചുമതല സെബി ജോസഫിനാണ്.

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിലെ എലവേറ്ററുകൾ സ്ഥാപിക്കുന്നതിന് മേൽ നോട്ടം വഹിക്കാനുള്ള ഭാഗ്യം സെബി ജോസഫിനുണ്ടായി. ഒരു സെക്കന്റിൽ 10 മീറ്റർ പിന്നിടുന്ന സ്‌കൈറൈസ് എലവേറ്ററാണ് ബുർജ് ഖലീഫയിൽ ഓട്ടീസ് സ്ഥാപിച്ചത്.

ഇരുനൂറിലേറെ രാജ്യങ്ങളിലായി 60,000-ത്തിലേറെ ജീവനക്കാരുള്ള ഓട്ടിസിന് 166 വർഷത്തെ പാരമ്പര്യമുണ്ട്. 1892 ൽ കൊൽക്കത്തയിലെ രാജ്ഭവനിൽ ഓട്ടിസിന്റെ രാജ്യത്തെ ആദ്യ ലിഫ്റ്റ് സ്ഥാപിതമായി. എന്നാൽ 1953 ൽ ആണ് കമ്പനി ഇന്ത്യയിൽ ഔപചാരികമായി പ്രവർത്തനം തുടങ്ങിയത്.