റോബോട്ടിക് വുമൺ

Posted on: August 7, 2014

Pranoti-Nagarkar-Israni-B

ഇന്ത്യയുടെ റോബോട്ടിക് വുമൺ ആണ് പ്രണോതി നഗാർക്കർ. വളയിടുന്ന കൈകൾക്കും റോബോട്ടിക് സാങ്കേതികവിദ്യ വഴങ്ങുമെന്ന് ഈ സുന്ദരി തെളിയിച്ചു. മുപ്പത്തിരണ്ടാം വയസിൽ പ്രണോതിയുടെ ക്രെഡിറ്റിലുള്ളത് എട്ടു പേറ്റന്റുകൾ. ചപ്പാത്തി മേക്കർ റോബോട്ടിലൂടെയാണ് സിംഗപ്പൂർ പൗരത്വമുള്ള ഈ ഇന്ത്യക്കാരി ലോകശ്രദ്ധയാകർഷിച്ചത്.

ചപ്പാത്തിക്കു ഗോതമ്പുമാവു കുഴയ്ക്കുകയും പരത്തുകയും ചുട്ടെടുക്കുകയും ചെയ്യുന്ന തലവേദനയ്ക്ക് ഇനി വിട. മിനിട്ടിൽ ഒരു ചപ്പാത്തി വീതം നിർമ്മിക്കുന്ന ചപ്പാത്തി മേക്കർ റോബോട്ടിനെ പ്രണോതി യാഥാർത്ഥ്യമാക്കിക്കഴിഞ്ഞു. ഗോതമ്പുമാവും വെള്ളവും എണ്ണയും നിറച്ചാൽ ഒറ്റക്ലിക്കിൽ ചപ്പാത്തി റെഡി.

ചപ്പാത്തിയുടെ കനം, മൃദുത്വം, എണ്ണയുടെ അളവ് തുടങ്ങിയവ ഉപഭോക്താവിന്റെ അഭിരുചിക്കനുസരിച്ച് ക്രമീകരിക്കാനാവുമെന്നതാണ് റോട്ടിമാറ്റിക്കിന്റെ സവിശേഷത. 17 കിലോഗ്രാം തൂക്കമുള്ള റോട്ടിമാറ്റിക്കിൽ 10 മോട്ടറുകളും 15 സെൻസറുകളും 300 ഘടകങ്ങളുമുണ്ട്. ഉപയോഗിക്കാനും വൃത്തിയാക്കാനും ഏറ്റവും എളുപ്പമാണെന്ന് പ്രണോതി പറയുന്നു.

Rishi-Israni-and-Pranoti-B

സ്‌കോളർഷിപ്പോടെ സിംഗപ്പൂരിലെ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയ പ്രണോതി ഒരു പ്രമുഖ ബ്രാൻഡിന്റെ റോബോട്ടിക് ഉത്പന്ന വിഭാഗത്തിനു നേതൃത്വം നൽകി. പിന്നീട് സ്വന്തം സംരംഭത്തിന് അടിത്തറയിട്ടു. ആറു വർഷം ദീർഘിച്ച പരീക്ഷണങ്ങൾക്കു ഒടുവിലാണ് റോട്ടിമാറ്റിക് രൂപംകൊള്ളുന്നത്. റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യത്തെ അടുക്കള ഉപകരണം കൂടിയാണ് റോട്ടിമാറ്റിക്.

അടുത്തവർഷത്തോടെ അമേരിക്കയിൽ വിപണിയിൽ ഇറക്കുന്ന റോട്ടിമാറ്റിക്കിന് 599 യുഎസ് ഡോളർ (ഏകദേശം 36,000 രൂപ) ആണ് പ്രാരംഭവില. ഇന്ത്യക്കാരുള്ളിടത്തെല്ലാം റോട്ടിമാറ്റിക്കിനു വിപണി കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഈ സംരംഭക. വേറിട്ടവഴികളിലൂടെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന ഈ 32 കാരിയുടെ ഇഷ്ടവാഹനം മോട്ടോർബൈക്കാണ്.

പ്രണോതി രൂപം നൽകിയ സിംഗപ്പൂരിലെ സ്റ്റാർട്ട്അപ് – സിംപ്ലിസ്റ്റിക് ആണ് റോട്ടിമാറ്റിക് വിപണിയിലിറക്കുന്നത്. 3.7 മില്യൺ സിംഗപ്പൂർ ഡോളറിന്റെ നിക്ഷേപമാണ് സ്വകാര്യ നിക്ഷേപകർ സിംപ്ലിസ്റ്റിക്കിൽ നടത്തിയിട്ടുള്ളത്. പ്രണോതിയുടെ ഭർത്താവ് റിഷി ഇസ്രാനിയുടെ ആദ്യ സംരംഭമായ ടെൻക്യൂബിനെ മക്ഫീ ഏറ്റെടുത്തിരുന്നു.