കേരള പോലീസ് ആസ്ഥാനത്ത് സന്ദര്‍ശകരെ സ്വീകരിക്കാന്‍ റോബട്ട്

Posted on: February 20, 2019

തിരുവനന്തപുരം : ഇനി പോലീസ് ആസ്ഥാനത്ത് എത്തുന്നവരെ തോക്കേന്തിയ പാറാവുകാര്‍ക്കു പകരം സ്വീകരിക്കുക പോലീസ് തൊപ്പിയും തോളില്‍ നക്ഷത്രവമുള്ള സ്മാര്‍ട്ട് പോലീസ് റോബട്ട്. ഇതോടെ പോലീസ് സേവനങ്ങള്‍ക്കു രാജ്യത്താദ്യമായി റോബട്ട് സംവിധാനം ഉപയോഗിക്കുന്ന സേനയായി കേരള പോലീസ് മാറി. കൊച്ചി ആസ്ഥാനമായ അസിമോവ് റോബോട്ടിക്‌സിന്റെ സഹായത്തോടെയാണ് സൈബര്‍ ഡോം കെപി – ബോട്ട് (കേരള പോലീസ് ബോട്ട്) എന്ന റോബട്ട് വികസിപ്പിച്ചത്. ഉദ്ഘാടം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

പോലീസ് ആസ്ഥാനത്ത് എത്തുന്നവരെ സ്വീകരിക്കുന്നതിനു പുറമെ നിര്‍ദേശങ്ങള്‍ നല്‍കാനും അവരുടെ വിവരം ചോദിച്ചറിയാനും റോബട്ടിനു കഴിയും. ഫേസ് റെക്കഗ്‌നീഷന്‍ സംവിധാനത്തിലൂടെ ഓഫീസര്‍മാരെ തിരിച്ചറിഞ്ഞു സല്യൂട്ട് ചെയ്യും. ഓഫീസില്‍ ലഭ്യമായ സേവനങ്ങളെപ്പറ്റി ചോദിച്ചറിയാം. കൂടുതല്‍ വിവരങ്ങള്‍ സ്‌ക്രീനിലും തെളിയും.

സന്ദര്‍ശകരുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവരുടെ പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുകയും ചെയ്യും. ഇതനുസരിച്ചാകും സന്ദര്‍ശക പാസ് നല്‍കുക. ടെലിപ്രസന്‌സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ക്കു തമ്മില്‍ ആശയവിനിമയം നടത്താനും സൗകര്യമുണ്ടാകും. മെറ്റല്‍ ഡിറ്റക്ടര്‍, തെര്‍നല്‍ ഇമേജിംഗ്, ഗ്യാസ് സെന്‍സറുകള്‍ എന്നിവ ഭാവിയില്‍ റോബട്ടില്‍ ചേര്‍ക്കും. ഇതോടെ സ്‌ഫോടക വസ്തുക്കളുടെ സാന്നിധ്യവും തിരിച്ചറിയാനാകും.