ജെറ്റ് എയര്‍വേസിന്റെ 15 ശതമാനം ഓഹരികള്‍ എസ് ബി ഐക്ക് സ്വന്തമാകും

Posted on: January 30, 2019

മുംബൈ : പ്രതിസന്ധിയില്‍ പെട്ട് ഉലയുന്ന ജെറ്റ് എയര്‍വേസില്‍ എസ് ബി ഐ ക്ക് 15 ശതമാനം ഓഹരി പങ്കാളിത്തം ലഭിച്ചേക്കും. വായ്പാ കുടിശ്ശിക ഓഹരികളാക്കി മാറ്റുന്നതോടെയാണിത്.

വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് കമ്പനി പ്രതിസന്ധിയിലായത്. കമ്പനിയുടെ പുനരുദ്ധാരണത്തിനായി ബാങ്കുകള്‍ തയ്യാറാക്കിയ പുതിയ പദ്ധതി അനുസരിച്ച് സ്ഥാപകനും ചെയര്‍മാനുമായ നരേഷ് ഗോയലിന്റെ ഓഹരി പങ്കാളിത്തം 20 ശതമാനമായി കുറയും. അദേഹത്തിന് നിലവില്‍ 51 ശതമാനം ഓഹരികളാണ് ഉള്ളത്.

നിലവില്‍ 24 ശതമാനം ഓഹരിയുള്ള അബുദാബിയിലെ ഇത്തിഹാദ് എയര്‍വേസ് കൂടുതല്‍ മൂലധനമിറക്കും. അതുവഴി പങ്കാളിത്തം 40 ശതമാനമായി ഉയര്‍ത്തും. വായ്പകള്‍ ഓഹരികളാക്കി മാറ്റുന്നതും ഓഹരി അടിത്തറ വിപുലീകരിക്കുന്നതും ചര്‍ച്ച ചെയ്യാന്‍ ജെറ്റ് എയര്‍വേസ് ഫെബ്രുവരി 21 ന് ഓഹരി ഉടമകളുടെ അസാധാരണ പൊതുയോഗം വിളിച്ചിട്ടുണ്ട്. എന്നാല്‍ 25 ശതമാനം പങ്കാളിത്തമെങ്കിലും തനിക്ക് വേണമെന്ന നിലപാടിലാണ് നരേഷ് ഗോയല്‍. ഇതിനായി 700 കോടി രൂപ മുതല്‍ മുടക്കാന്‍ തയ്യാറാണെന്ന് എസ് ബി ഐക്ക് അയച്ച കത്തില്‍ അദേഹം വ്യക്തമാക്കിയിട്ടുണ്ട്.

8,400 കോടി രൂപയുടെ കടബാധ്യതയിലാണ് കമ്പനി. ഇതില്‍ 2,000 കോടി രൂപയും എസ് ബി ഐ ക്ക് കൊടുക്കാനുള്ളതാണ്. നിരക്കുയുദ്ധവും ഉയര്‍ന്ന ഇന്ധനച്ചെലവുമാണ് ജെറ്റ് എയര്‍വേസിനെ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ 11 വര്‍ഷങ്ങള്‍ക്കിടയില്‍ രണ്ടു വര്‍ഷം മാത്രമാണ് കമ്പനി ലാഭമുണ്ടാക്കിയത്.

TAGS: Jet Airways |