മുംബൈ യോഗ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 100-ാം വാര്‍ഷികാഘോഷം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

Posted on: December 21, 2018

മുംബൈ : മുംബൈയിലെ യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് 100-ാം വര്‍ഷികാഘോഷങ്ങള്‍ 28 ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഹന്‍സജി ജയദേവ യോഗേന്ദ്ര തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

ഹന്‍സജി ജയദേവ യോഗേന്ദ്രയുടെ യോഗ ഫോര്‍ ഓള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം ഗവര്‍ണര്‍ നിര്‍വഹിക്കും. യോഗ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നൂറു വര്‍ഷത്തെ ഗവേഷണത്തെ കുറിച്ചുള്ള പുസ്തകം മൂന്നു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, കേന്ദ്ര ആയൂഷ് സഹമന്ത്രി ശ്രീപദ് വൈ. നായിക് തുടങ്ങിയവര്‍ക്ക് കഴിഞ്ഞ 100 വര്‍ഷത്തിനിടെ യോഗ ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ കടന്നുപോയ ലക്ഷങ്ങളുടെ പേരില്‍ നന്ദിയര്‍പ്പിക്കുന്നുവെന്നും സ്ഥാപക യോഗ ഗുരു ഗോഗേന്ദ്ര ജിയുടെ ദര്‍ശനം പോലെ തന്നെ യോഗ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സേവനം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിച്ചത് അനുഗ്രഹമായി കരുതുന്നുവെന്നും ഐക്യത്തിന്റെ ഈ ഉത്‌സവത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുകയാണെന്നും ഹന്‍സജി ജയദേവ യോഗേന്ദ്ര പറഞ്ഞു.

മുംബൈ ബികെസി എംഎംആര്‍ഡിഎ ഗ്രൗണ്ടില്‍ 28, 29 തീയതികളിലായാണ് ഹാര്‍മണി ഫെസ്റ്റ്. ഉച്ചയ്ക്കു 12 മുതല്‍ രാത്രി ഒമ്പതുവരെയുള്ള പരിപാടയിലേക്ക് പ്രവേശനം സൗജന്യമാണ്. ആരോഗ്യ പരിരക്ഷ സംബന്ധിച്ച നിരവധി പരിപാടികള്‍ മേളയോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്. സംഗീതം, വിനോദം, ഫുഡ് ഫെസ്റ്റിവല്‍, മാര്‍ക്കറ്റ്, 20 മണിക്കൂര്‍ യോഗ, പാനല്‍ ചര്‍ച്ചകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയ പരിപാടികളുണ്ട്.

1918 ഡിസംബര്‍ 25ന് യോഗ ഗുരു ശ്രീ യോഗേന്ദ്രജിയാണ് മുംബൈ സാന്റക്രൂസില്‍ യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. യോഗയ്ക്കു നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് 2018ല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രധാനമന്ത്രിയുടെ അവാര്‍ഡും സമ്മാനിച്ചു.