അമിതാഭ് ബച്ചന്‍ 1398 കര്‍ഷകരുടെ കടം അടച്ചുതീര്‍ത്തു

Posted on: November 21, 2018

മുംബൈ : യു പിയിലെ കര്‍ഷകര്‍ക്ക് കടാശ്വാസവുമായി മെഗാതാരം അമിതാഭ് ബച്ചന്‍. 1398 കര്‍ഷകരുടെ 4.05 കോടി രൂപ വരുന്ന കാര്‍ഷിക കടമാണ് ബച്ചന്‍ വീട്ടിയത്. കടക്കെണിയില്‍ നിന്നു രക്ഷിച്ചവരില്‍ നിന്നു തെരഞ്ഞെടുത്ത 70 പേരെ 26 ന് മുംബൈയിലേക്ക്  ക്ഷണിച്ചിട്ടുമുണ്ട്. ഇതിനായി ട്രെയിനിലെ ഒരു കോച്ച് തന്നെ ബുക്ക് ചെയ്തു. വായ്പ അടച്ചു തീര്‍ത്തതിന്റെ കത്ത് ബച്ചന്‍ ഇവര്‍ക്ക് നേരിട്ടു നല്‍കും.

കര്‍ഷകകരുടെ ഭാരങ്ങള്‍ക്കു കൈത്താങ്ങു നല്‍കണമെന്നു തോന്നി. അതു നടപ്പാക്കാനായപ്പോള്‍ ഉള്ളില്‍ നിറഞ്ഞ ആനന്ദം പറഞ്ഞറിയിക്കാനാവില്ലായെന്നാണ് അദ്ദേഹം ബ്ലോഗില്‍ കുറിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് മഹാരാഷ്ട്രയിലെ 350 കര്‍ഷകരുടെ കടം ബച്ചന്‍ അടച്ചുതീര്‍ത്തിരുന്നു. കടക്കെണി മൂലം ആത്മഹത്യയിലേക്കു നീങ്ങുന്ന കര്‍ഷകരെ സഹായിക്കാന്‍ സിനിമാ താരങ്ങളും കോര്‍പറേറ്റ് സ്ഥാപനങ്ങളും മുന്നിട്ടിറങ്ങണമെന്നു മുംബൈ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.