ധൊലാക്കിയ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി 600 കാറുകള്‍ നല്‍കി

Posted on: October 26, 2018

സൂറത്ത് : ദീപാവലി സമ്മാനമായി രത്‌നവ്യാപാരി സാവ്ജി ധൊലാക്കിയ ജീവനക്കാര്‍ക്ക് നല്‍കിയത് 600 കാറുകള്‍. ഇതില്‍ 4 പേര്‍ക്കു സമ്മാനം ന്‍ല്‍കിയത് സാക്ഷാല്‍ നരേന്ദ്രമോദി. സമ്മാനം ലഭിച്ചവരെ വിഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നേരിട്ട് അഭിനന്ദിക്കുകയും ചെയ്തു. ഇക്കുറി നല്‍കിയ വാഹനങ്ങള്‍ : 5.38 ലക്ഷം വില വരുന്ന മാരുതി സെലറിയോ, 4.4 ലക്ഷം വില വരുന്ന റെനോക്വിഡ്. 4 കൊല്ലംകൊണ്ട് ധൊലാക്കിയ കാര്‍ കൊടുത്തത് 1700 ജീവനക്കാര്‍ക്ക്.

2015 ല്‍ 491 കാറുകളും 200 ഫ്‌ളാറ്റുകളും ബോണസായി നല്‍കിയ ധൊലാക്കിയ 2016 ല്‍ 400 ഫ്‌ളാറ്റുകളും 1260 കാറുകളും നല്‍കി വ്യവസായ ലോകത്തെ ഞെട്ടിച്ചു. 25 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ 3 ജീവനക്കാര്‍ക്കു ഒരു കോടിയോളം വില വരുന്ന മേഴ്‌സിഡീസ് ബെന്‍സ് കാറുകളും സമ്മാനിച്ചിട്ടുണ്ട്.

പ്രവര്‍ത്തനമികവിലൂടെ, ഹരികൃഷ്ണ ഗ്രൂപ്പിലുള്ള 5000 ജീവനക്കാരില്‍ 4000 പേരെങ്കിലും ഇതിനകം വിലപിടിച്ച സമ്മാനങ്ങള്‍ നേടിക്കഴിഞ്ഞതായി സാവ്ജി ഫെയ്‌സ്ബുക്കില്‍ എഴുതി. 1977 ല്‍ പന്ത്രണ്ടര രൂപയുമായി സൂറത്തിലെത്തിയ സാവ്ജിയുടെ രത്‌നവ്യവസായ ശൃഖംലയുടെ ഇപ്പോഴത്തെ വാര്‍ഷിക വാര്‍ഷിക വിറ്റുവരവ് 6000 കോടിയാണ്. ഇരുപത്തൊന്നുകാരനായ മകന്‍ ദ്രവ്യയെ ദാരിദ്ര്യം അറിഞ്ഞു വരാന്‍ സാവ്ജി കേരളത്തിലേക്ക് ബംഗാളിയായി പറഞ്ഞയച്ചതു വാര്‍ത്തയായിരുന്നു. 

TAGS: Savji Dholakia |