ജി ആര്‍ എസ് ഇ ഇന്ത്യന്‍ നേവിക്ക് ആറാമതു യുദ്ധക്കപ്പല്‍ കൈമാറി

Posted on: October 10, 2018

കൊച്ചി : ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് ആന്റ് എഞ്ചിനിയേഴ്‌സ് ലിമിറ്റഡ് (ജി ആര്‍ എസ് ഇ ) നിര്‍മ്മിച്ച യുദ്ധക്കപ്പലായ എല്‍-55 കൊല്‍ക്കത്തയില്‍ നടത്തിയ ചടങ്ങില്‍ വെച്ച് ഇന്ത്യന്‍ നാവികസേനയ്ക്കു കൈമാറി. നാവിക സേനയ്ക്കു വേണ്ടി നിര്‍മിക്കുന്ന ലാന്റിങ് ക്രാഫ്റ്റ് യൂട്ടിലിറ്റി വിഭാഗത്തില്‍ പെട്ട എട്ടു കപ്പലുകളില്‍ അഞ്ചാമത്തേതാണ് ഇപ്പോള്‍ കൈമാറിയത്.

ജി ആര്‍ എസ് ഇ 16 മാസത്തിനുള്ളില്‍ ഇന്ത്യന്‍ നാവിക സേനയ്ക്കു കൈമാറുന്ന ആറാമത്തെ യുദ്ധക്കപ്പലാണിത്. ശക്തമായ നിലയില്‍ തുടരുന്ന ജി ആര്‍ എസ് ഇ യ്ക്ക് ഇപ്പോള്‍ 203,136.10 ദശലക്ഷം രൂപയുടെ ഓര്‍ഡറുകളാണു നിലവിലുള്ളത്. ഇപ്പോള്‍ നിര്‍മാണത്തിലുള്ള 12 കപ്പലുകളില്‍ ഒന്‍പതെണ്ണം നിര്‍മാണത്തിന്റെ അന്തിമഘട്ടങ്ങളിലാണ്. ഇവ 2019 അവസാനത്തോടെ നാവികസേനയ്ക്കു കൈമാറാനാവും എന്നാണു കരുതുന്നത്.

നാവിക സേനയ്ക്കായി മറ്റു 12 കപ്പലുകള്‍ നിര്‍മിക്കാനായുള്ള കരാറുകളില്‍ കൂടി ജി ആര്‍ എസ് ഇ വിജയകരമായ ബിഡിങ് നടത്തിയിട്ടുണ്ട്. ജി ആര്‍ എസ് ഇ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ റിയര്‍ അഡ്മിറല്‍ (റിട്ട) വി. കെ. സക്‌സേനയാണ് കമാന്‍ഡിങ് ഓഫിസറായ ലഫ്റ്റനന്റ് കമാന്‍ഡര്‍ അഭിഷേക് കുമാറിന് കപ്പല്‍ കൈമാറിയത്. ഭാരത സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യാ നീക്കങ്ങള്‍ക്ക് അനുസൃതമായി നിര്‍മിച്ച ഈ കപ്പലിന്റെ 90 ശതമാനം ഘടകങ്ങളും തദ്ദേശീയമായുള്ളവയാണ്.

TAGS: GRSE | Indian Navy |