വാട്ട്സ്ആപ്പ് ഇനി ജിയോ ഫോണിലും

Posted on: September 12, 2018

കൊച്ചി : ജിയോ ഫോണുകളില്‍ ഇനി വാട്ട്സ്ആപ്പ് ലഭ്യമാകും. ജിയോ ഫോണിനായി വാട്ട്സ്ആപ്പ് പുതിയൊരു സ്വകാര്യ മെസേജിങ് ആപ്പ് വികസിപ്പിച്ചു. കായ്ഓഎസ് ഓപറേറ്റിങ് സിസ്റ്റത്തിലൂടെ ഇനി കൂട്ടുകാരും വീട്ടുകാരുമായി കൂടുതല്‍ സുരക്ഷിതവും വിശ്വസനീയവുമായി വിനിമയം നടത്താം.

വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ ആപ്പിലൂടെ മെസേജുകളും ചിത്രങ്ങളും വിഡീയോകളും അയക്കാം. ഇവ പൂര്‍ണമായും സുരക്ഷിതവും വേഗമേറിയതുമാണ്. ഏതാനും ടാപ്പിങിലൂടെ തന്നെ ശബ്ദ സന്ദേശങ്ങള്‍ അയക്കാനും റെക്കോര്‍ഡ് ചെയ്യാനും സാധ്യമാണ്. ജിയോ ഉപയോക്താക്കള്‍ അവരുടെ ഫോണ്‍നമ്പര്‍ വേരിഫൈ ചെയ്താല്‍ മാത്രം മതി വാട്ട്സ്ആപ്പ് ഉപയോഗിക്കാന്‍.

ജിയോ ഉപഭോക്താക്കള്‍ക്ക് ഇനി വാട്ട്സ്ആപ്പ് സ്വകാര്യ സന്ദേശങ്ങള്‍ അയക്കാമെന്നും കായ്ഓഎസിനു വേണ്ടി പുതിയ ആപ്പ് രൂപകല്‍പ്പന ചെയ്തതു വഴി ഇന്ത്യയിലും ലോകത്തെങ്ങുമുള്ള കൂടുതല്‍ ആളുകള്‍ക്ക് പുതിയ മെസേജിങ് അനുഭവം ലഭ്യമാകുവാനുള്ള സാധ്യത തുറന്നിരിക്കുകയാണെന്നും വാട്ട്സ്ആപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയല്‍സ് പറഞ്ഞു.

ആളുകളെ പരസ്പരം ബന്ധപ്പെടുത്താനുള്ള ശ്രമത്തിന് തുടക്കം മുതല്‍ സഹകരിച്ചവരാണ് ഫേസ്ബുക്കും അതുമായി ബന്ധപ്പെട്ടവരെന്നും ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ചാറ്റിങിനായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനായ വാട്ട്സ്ആപ്പ് ഇനി ജിയോ ഫോണിലും ലഭ്യമാകുന്നത് ഈ സഹകരണത്തിന്റെ ഫലമാണെന്നും ഇത് സാധ്യമാക്കിയതില്‍ ഫേസ്ബുക്ക്-വാട്ട്സ്ആപ്പ് ടീമിനോട് നന്ദിയുണ്ടെന്നും റിലയന്‍സ് ജിയോ ഇന്‍ഫോകോം ഡയറക്ടര്‍ ആകാശ് അമ്പാനി പറഞ്ഞു.

ജിയോഫോണ്‍ ആപ്പ്സ്റ്റോറില്‍ സെപ്റ്റംബര്‍ 10 മുതല്‍ വാട്ട്സ്ആപ്പ് ലഭ്യമാകും. 20മുതല്‍ എല്ലാ ജിയോഫോണുകളിലും പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യും. ജിയോഫോണിലും ജിയോഫോണ്‍ 2ലും ആപ്പ്സ്റ്റോറില്‍ നിന്നും വാട്ട്സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.