ഇന്ത്യയിൽ ലാലിഗ ഫുട്‌ബോൾ സ്‌കൂൾ വരുന്നു

Posted on: September 1, 2018

കൊച്ചി : സ്‌പെയിനിലെ ഒന്നാം ഡിവിഷൻ ഫുട്‌ബോൾ ലീഗായ ലാലിഗ ഇന്ത്യ ഓൺ ട്രാക്കു (ഐഒടി) മായി ചേർന്ന് കൊച്ചിയടക്കം ഇന്ത്യയിലെ 5 നഗരങ്ങളിൽ ഫുട്‌ബോൾ സ്‌കൂൾ തുടങ്ങുന്നു. ഡൽഹി, മുംബൈ, പൂനെ, ബംഗലുരു എന്നിവയാണ് ഇതര നഗരങ്ങൾ.

രാജ്യത്ത് ഫുട്‌ബോളിന്റെ സമഗ്ര വികസനമുദ്ദേശിച്ചുകൊണ്ട് 6 മുതൽ 18 വരെ പ്രായമുള്ളവർക്കാണ് ലാലിഗ സ്‌കൂളിൽ പരിശീലനം നൽകുന്നത്. പരിശീലനങ്ങൾക്ക് ലാലിഗ നിയമിക്കുന്ന ടെക്‌നിക്കൽ ഡയറക്ടർ നേതൃത്വം നൽകും. ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ഫുട്‌ബോളിനെ വേരുറപ്പിക്കുന്നതിനായി ഫേസ്ബുക്കുമായി ലാലിഗ മൂന്ന് വർഷത്തെ കരാറിലേർപ്പെടുകയുണ്ടായി. കരാർ പ്രകാരം ലാലിഗയിലെ 380 മത്സരങ്ങളും ഫേസ്ബുക്ക് ലൈവിലൂടെ 27 കോടി ആളുകളിൽ എത്തും.