ഇന്ത്യ പോസ്റ്റല്‍ ബാങ്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍

Posted on: August 23, 2018

ന്യൂഡല്‍ഹി : ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് സെപ്റ്റംബര്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷം ഡിസംബറോടെ രാജ്യത്തെ 1,55,000 പോസ്റ്റ് ഓഫിസുകളില്‍ തപാല്‍ ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിക്കും. തപാല്‍ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് രാജ്യത്തെ ഏതു ബാങ്കുമായും ആര്‍ ടി ജി എസ്, എന്‍ഇഎഫ്ടി, ഐ എം എസ് ഇടപാടുകള്‍ നടത്താനാകും.

പോസ്റ്റ്മാന്‍മാര്‍ ഇനി തപാല്‍ ബാങ്ക് പ്രതിനിധികള്‍ കൂടിയായി മാറും. രാജ്യത്ത് 11,000 പോസ്റ്റ്മാന്‍മാരാണുള്ളത്. തുടക്കത്തില്‍ തപാല്‍ ബാങ്കിന് 650 ശാഖകളും 3250 അനുബന്ധ ശാഖകളുമുണ്ടാകും. രാജ്യത്തെ 17 കോടി പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ പ്രത്യേകം അപേക്ഷ നല്‍കാതെ തന്നെ പുതിയ ബാങ്കില്‍ അംഗങ്ങളാകും. ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് വീട്ടുപടിക്കല്‍ ഡിജിറ്റല്‍ ബാങ്ക് സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് തപാല്‍ ബാങ്ക് ആരംഭിക്കുന്നത്.