റഫാൽ ഇടപാട് : നിക്ഷിപ്ത താത്പര്യക്കാർ കോൺഗ്രസിനെ തെറ്റിദ്ധരിപ്പിച്ചെന്ന് അനിൽ അംബാനി

Posted on: August 21, 2018

കൊച്ചി : റഫാൽ വിമാന ഇടപാടിൽ നിക്ഷിപ്ത താത്പര്യക്കാരും കോർപ്പറേറ്റ് എതിരാളികളും കോൺഗ്രസിന് നൽകിയിരിക്കുന്നത് തെറ്റായ വിവരങ്ങൾ ആണെന്ന് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി വ്യക്തമാക്കി. കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധിക്ക് അയച്ച കത്തിൽ കോൺഗ്രസിനെ ചിലർ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് അദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കുറേ ദിവസങ്ങളായി രാഹുൽഗാന്ധി തനിക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങൾ തികച്ചും വേദനാജനകമാണ്. ആരോപണങ്ങൾ അടിസ്ഥാന രഹിതവും നിർഭാഗ്യകരവും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ്. റഫാൽ ജെറ്റ് യുദ്ധവിമാനങ്ങൾ റിലയൻസോ, ഡസോൾട്ട് റിലയൻസ് സംയുക്ത സംരംഭമോ അല്ല നിർമിക്കുന്നത്. 36 റഫാൽ വിമാനങ്ങൾ 100 ശതമാനവും നിർമിച്ചതും ഇറക്കുമതി ചെയ്യുന്നതും ഫ്രാൻസിൽ നിന്നാണ്.

36 റഫാൽ വിമാനങ്ങളിൽ ഒരു രൂപപോലും വിലയുള്ള ഒരു ചെറുഘടകം പോലും റിലയൻസ് നിർമിച്ചിട്ടില്ല. 36 റഫാൽ വിമാന ഇടപാടിൽ ഏതെങ്കിലും ഒരു റിലയൻസ് ഗ്രൂപ്പിന്, എംഒഡിയുമായി കരാർ ഇല്ല. റിലയൻസിന് ആയിരകണക്കിന് കോടികൾ ലഭിച്ചെന്ന ആരോപണം കൽപ്പിത കഥയാണ്. ഇന്ത്യ ഗവൺമെന്റുമായി ഒരു കരാറും ഉണ്ടാക്കിയിട്ടുമില്ല.

കരാർ പ്രകാരം ഉള്ള കയറ്റുമതി ബാധ്യത നിറവേറ്റുന്നതിൽ തന്നെ തങ്ങളുടെ പങ്ക് വളരെ ചെറുതാണ്. 100 ലേറെ ചെറുകിട, ഇടത്തരം, മൈക്രോ (എംഎസ്എംഇ) സംരംഭങ്ങൾ ഇതിൽ പങ്കാളികൾ ആകും. പൊതുമേഖലയിലെ ബെൽ, ഡിആർഡിഒ എന്നിവയും ഇതിൽ ഉൾപ്പെടും. ഇന്ത്യയുടെ നിർമാണ ശേഷി വർധിപ്പിക്കുന്നതിൽ ഈ പങ്കാളിത്തത്തിന് നിർണായക സ്വാധീനം ചെലുത്താൻ കഴിയും. 2005-ലെ കോൺഗ്രസ് യുപിഎ സർക്കാരിന്റെ നയങ്ങളുടെ തുടർച്ച മാത്രമാണിത്.

ഫ്രഞ്ച് നിർമിത റഫാൽ വിമാനങ്ങൾ വാങ്ങുന്നതു സംബന്ധിച്ച് ഇന്ത്യയും ഫ്രാൻസും തമ്മിൽ 2015 ഏപ്രിൽ 10 ന് പ്രഖ്യാപനം ഉണ്ടാകുന്നതിന് 10 ദിവസം മുമ്പു മാത്രമാണ് റിലയൻസ് ഡിഫൻസ് എന്ന കമ്പനി രൂപീകരിച്ചതെന്ന രാഹുൽഗാന്ധിയുടെ ആരോപണവും അടിസ്ഥാന രഹിതമാണെന്ന് അംബാനി പറഞ്ഞു. 2014 ഡിസംബർ 2015 ജനുവരി കാലത്താണ്, പ്രതിരോധ നിർമാണ രംഗത്തേയ്ക്കു കടക്കാൻ റിലയൻസ് ഗ്രൂപ്പ് തീരുമാനിച്ചത്. 2015 ഫെബ്രുവരിയിൽ ഇക്കാര്യം സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെഞ്ചുകളെ അറിയിച്ചിട്ടുമുണ്ട്.