വാഹനപരിശോധന : ഡിജിറ്റല്‍ രേഖയും സാധു

Posted on: August 11, 2018

ന്യൂഡല്‍ഹി : ഡ്രൈവിംഗ് ലൈസന്‍സ്, റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് പോളിസി എന്നിവയുടെ അസല്‍ കടലാസ് രേഖകള്‍ കാണിക്കണമെന്നു നിര്‍ബന്ധം പിടിക്കരുതെന്ന് സംസ്ഥാന ഗതാഗത വകുപ്പുകള്‍ക്കും ട്രാഫിക് പോലീസിനും കേന്ദ്ര ഗതാഗത മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഇതിനു പകരം സര്‍ക്കാരിന്റെ ഡിജിലോക്കര്‍, എംപരിവാഹന്‍ ആപ്പുകളിലൂടെ പരിശോധിക്കാവുന്ന ഇലക്‌ട്രോണിക് രേഖകള്‍ സാധുവായി കണക്കാക്കേണ്ടതാണ്.

യഥാര്‍ത്ഥ രേഖകള്‍ക്ക് തുല്യമാണ് ഇലക്‌ട്രോണിക് രേഖകളെന്ന് ഐടി നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഗതാഗതചട്ടലംഘനമുണ്ടെങ്കില്‍, ഇലക്‌ട്രോണിക് രേഖകളുടെ ക്യു ആര്‍ കോഡ് ഉപയോഗിച്ച് കേന്ദ്ര ഡേറ്റാബേസില്‍ കടന്ന് നടപടികള്‍ ഉദ്യോഗസ്ഥര്‍ക്കു രേഖപ്പെടുത്താം. ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ ഡ്രൈവര്‍മാരില്‍ നിന്നു പിടിച്ചെടുക്കുന്ന അസല്‍ രേഖകള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഇതോടെ ഒഴിവാക്കാനാകും. പിഴ ഈടാക്കാന്‍ ഇ-ചെല്ലാന്‍ സമ്പ്രദായവും നിലവിലുണ്ട്.