വിമാനത്താവള അപകടങ്ങൾ കുറയ്ക്കാൻ ഡിഎച്ച്എൽ-യുഎൻ പരിശീലനം

Posted on: August 7, 2018

 

കൊച്ചി : രാജ്യത്തെ വിമാനത്താവളങ്ങളിൽ ദുരന്തങ്ങളൊഴിവാക്കാനായി ഡ്യൂഷെ പോസ്റ്റ് ഡിഎച്ച്എൽ ഗ്രൂപ്പും യൂണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാമും ചേർന്ന് ജീവനക്കാർക്ക് പരിശീലനം നൽകുന്നു. കോഴിക്കോട് വിമാനത്താവളത്തിലെ ജീവനക്കാർക്കുള്ള പരിശീലനം ആരംഭിച്ചു. ഓഗസ്റ്റ് 10 വരെ തുടരും. രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട് ഗാർഡ് (ഗെറ്റ് എയർപോർട്ട് റെഡി ഫോർ ഡിസാസ്റ്റർ) എന്ന പ്രോഗ്രാമാണ് കോഴിക്കോട്ടും നടപ്പാക്കുന്നത്.

എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യയിലെ വിദഗ്ധരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. അപകട സാധ്യത ശരാശരിയിലും കൂടുതലുള്ള രാജ്യങ്ങൾക്കായി രൂപകൽപന ചെയ്ത ട്രെയിൻ ദി ഫെസിലിറ്റേറ്റർ (ടിടിഎഫ്) പ്രോഗ്രാമും ഉപയോഗപ്പെടുത്തും.

രാജ്യത്ത് പ്രകൃതി ദുരന്തങ്ങൾ നടക്കുമ്പോൾ അതിനിരയായവരെ സഹായിക്കാൻ വിമാനത്താവള ജീവനക്കാർക്ക് കഴിയണമെങ്കിൽ കൂടുതൽ ഫലപ്രദമായ നടപടികളും അനുയോജ്യമായ പശ്ചാത്തല സൗകര്യവും ആവശ്യമാണെന്ന് എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ ജനറൽ മാനേജർ സുഭാഷ് കുമാർ പറഞ്ഞു. വിമാനത്താവളത്തിൽ അപകടങ്ങൾ ഉണ്ടാകുന്ന സഹാചര്യത്തിൽ അവയെ ഫലപ്രദമായി നേരിടുന്നതിനു പുറമെ പുറത്ത് സഹായമെത്തിക്കാനും ഡിഎച്ച്എൽ-യുഎൻഡിപി പരിശീലനം സഹായകമാണ്.

കഴിഞ്ഞ ഒൻപത് വർഷത്തിലേറെയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിമാനത്താവളങ്ങളിൽ പരിശീലനം ലഭ്യമാക്കാൻ ട്രെയിൻ ദി ഫെസിലിറ്റേറ്റർ വർക്‌ഷോപ്പിലൂടെ സാധിക്കുന്നുണ്ടെന്ന് ഡ്യൂഷേ പോസ്റ്റ് ഡിഎച്ച്എൽ ഗ്രൂപ്പ് ഡയറക്ടർ (ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ്) ക്രിസ് വീക്‌സ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രകൃതി ദുരന്തങ്ങളെ നേരിടാൻ കൂടുതൽ മികച്ച സംവിധാനങ്ങൾ ആവശ്യമാണെന്ന് യുഎൻഡിപി അസിസ്റ്റന്റ് കട്രി ഡയറക്ടർ പ്രീതി സോണി അഭിപ്രായപ്പെട്ടു.