വിദേശ ഇന്ത്യക്കാർക്കും വംശജർക്കും ആധാർകാർഡ് നിർബന്ധമല്ല

Posted on: August 3, 2018

തിരുവനന്തപുരം : വിദേശ ഇന്ത്യക്കാർക്കും ഇന്ത്യൻ വംശജർക്കും സാമ്പത്തിക ഇടപാടുകൾക്കും മറ്റും ആധാർ നിർബന്ധമല്ലെന്ന് സർക്കാർ. ആധാർ ബാധകമല്ലാതിരുന്നിട്ടും തിരിച്ചറിയൽ രേഖയായി ആധാർ ചോദിക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് ഉത്തരവിറക്കിയത്.

ആധാർനിയമത്തിന്റെ പരിധിയിൽ വിദേശ ഇന്ത്യക്കാർ വരാത്തതിനാൽ ഇവർക്ക് ബദൽ തിരിച്ചറിയൽ സംവിധാനം വകുപ്പുകൾ ഉറപ്പാക്കണമെന്നാണ് നിർദേശം. ആധാർനിയമത്തിനു കീഴിൽ വരുന്നവർക്കു മാത്രമേ ആധാർ തിരിച്ചറിയൽ രേഖയാവുന്നുള്ളൂ. വിദേശ ഇന്ത്യക്കാരും ഇന്ത്യൻ വംശജരും വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരും ആധാറിന് അപേക്ഷിക്കാൻ അർഹരല്ലെന്നും യു.ഐ.ഡി.ഐ വ്യക്തമാക്കിയിട്ടുണ്ട്. 2016 ലെ ആധാർ നിയമപ്രകാരം ഇന്ത്യയിൽ താമസിക്കുന്നവരുടെ സേവനങ്ങളും ആനുകൂല്യങ്ങളുമാണ് ആധാറുമായി ബന്ധപ്പെട്ടിരിക്കുന്നത്.

പ്രവാസികളുടെ അക്കൗണ്ടുകൾ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് നിർബന്ധം പിടിക്കരുതെന്ന് ബാങ്കുകൾക്ക് നിർദേശം നൽകാൻ കേന്ദ്ര വിദേശകാര്യമന്ത്രാലയവും ആവശ്യപ്പെട്ടു. വിദേശ ഇന്ത്യക്കാരോ വംശജരോയെന്നറിയാൻ തിരിച്ചറിയൽ രേഖയോ മറ്റ് രേഖകളോ പരിശോധിക്കാമെന്നും ഉത്തരവിലുണ്ട്.

TAGS: Aadhaar | Aadhaar Card | UIDAI |