ഇന്ത്യയിലെ കോടതികളിൽ മാനേജർമാർ വരുന്നു

Posted on: August 3, 2018

ന്യൂഡൽഹി : ഇന്ത്യയിലെ എല്ലാ കോടതികളിലും എംബിഎ ബിരുദധാരികളായവരെ കോടതി മാനേജർന്മാരായി നിയമിക്കണമെന്ന് സുപ്രീം കോടതി. രാജ്യത്തെ കോടതികളുടെ പ്രവർത്തനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര , ജസ്റ്റിസ് എ.എം ഖൻവിക്കാർ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. കോടതികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ട നടപടിയെടുക്കുന്നില്ലെന്ന് വിമർശിച്ച കോടതി രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലെ കോടതികൾ വെന്റിലേറ്ററിലാണെന്നും അഭിപ്രായപ്പെട്ടു.

ജില്ല സെഷൻസ് ജഡ്ജിമാരെ സഹായിക്കുന്നതിന് എം ബി എ ബിരുദം അടിസ്ഥാന യോഗ്യതയാക്കിയാണ് തസ്തികകൾ സൃഷ്ടിക്കേണ്ടത്. കോടതി ഭരണ നിർവഹണത്തിൽ ഇവരുടെ സഹായം ലഭിക്കുമ്പോൾ ജഡ്ജിമാർക്ക് കേസുകൾക്കു വേണ്ടി കൂടുതൽ സമയം നീക്കിവെയ്ക്കാനാവും. അത് കോടതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കും. മാനേജർമാർ കോടതിയുടെ പ്രവർത്തനങ്ങളിലുള്ള ന്യൂനതകൾ കണ്ടെത്തുകയും അത് പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ അതത് ജഡ്ജിമാർക്ക് സമർപ്പിക്കുകയും വേണം. കോർട്ട് മാനേജർമാരുടെ ഇപ്പോഴുള്ള തസ്തികകൾ സംസ്ഥാന സർക്കാറുകൾ സ്ഥിരപ്പെടുത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചു.