വിദേശ മൂലധന പരിധി ഉയർത്തൽ ഫെഡറൽ ബാങ്ക് ജീവനക്കാർക്കു പ്രതിഷേധം

Posted on: October 26, 2013

Federal-Bank_logoഫെഡറൽ ബാങ്കിലെ വിദേശ മൂലധന നിക്ഷേപം പരിധി 74 ശതമാമായി ഉയർത്താനുള്ള നീക്കത്തിൽനിന്നു മാനേജ്‌മെന്റ് പിൻമാറണമെന്നു ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ, ഫെഡറൽ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ എന്നിവ സംയുക്തമായി ആവശ്യപ്പെട്ടു.

കേരളത്തിൽ മാത്രം 584 ശാഖകളുള്ള ഫെഡറൽ ബാങ്കിന്റെ നിയന്ത്രണം വിദേശികളിൽ എത്തുന്നതു സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ ദോഷകരമായി ബാധിക്കും. സംസ്ഥാനത്തിന്റെ കാർഷിക മേഖലയിലും വ്യാപാര വ്യവസായ രംഗത്തും ബാങ്കിനു നിർണായ സ്വാധീനമുണ്ട്. റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ വാഷിംഗ്ടണിൽ ഇന്ത്യൻ ബാങ്കുകളെ വിദേശ ബാങ്കുകൾക്ക് ഏറ്റെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുമെന്നു പ്രസ്താവിച്ച പശ്ചാത്തലത്തിൽ ബാങ്കിന്റെ നീക്കത്തിനു കൂടുതൽ ഗൗരവമുണ്ട്.

രാജ്യത്തൊട്ടാകെ 1,124 ശാഖകളും ഒരു ലക്ഷം കോടി രൂപയുടെ ബിസനസും 838 കോടി രൂപ അറ്റാദായവുമുള്ള ബാങ്ക് നിലവിൽ ലാഭത്തിലാണു പ്രവർത്തിക്കുന്നത്. വിദേശ മൂലധനം സ്വീകരിക്കേണ്ട ഒരു സ്ഥിതിവിശേഷവും ഇല്ലാത്ത സാഹചര്യത്തിൽ ബാങ്കിനെ്യൂ വിദേശികൾക്കു നൽകാനുള്ള നീക്കം മാനേജ്‌മെന്റ് ഉപേക്ഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റ് എ.കെ. വർഗീസ്, ഫെഡറൽ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി. അനിത, ജനറൽ സെക്രട്ടറി പോൾ മുണ്ടാടൻ, അബ്ദുൾനാസർ, ബോസ്, പി.കെ. സുരേഷ് എന്നിവർ പങ്കെടുത്തു.