എൻബിഎഫ്‌സികളുടെ വളർച്ച ഉറപ്പാക്കണമെന്ന് ജോർജ് അലക്‌സാണ്ടർ

Posted on: February 23, 2015

George-Alexander-Muthoot-bi

കൊച്ചി : ബാങ്കിംഗ് ലൈസൻസ് ഇല്ലാത്ത ധനകാര്യ കമ്പനികൾ രാജ്യത്തെ സാമ്പത്തിക മേഖലയിൽ നടത്തിവരുന്ന സേവനം അടുത്ത ബജറ്റിലൂടെ അംഗീകരിക്കപ്പെടണമെന്ന് മുത്തൂറ്റ് ഫിനാൻസ് എം ഡി ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് കേന്ദ്ര ധനമന്ത്രിയോട് അഭ്യർത്ഥിച്ചു.

പ്രധാനമന്ത്രിയുടെ ജൻ ധൻ യോജന ഫലപ്രദമാക്കുന്നതിന് ബാങ്കിതര ധനകാര്യ കമ്പനികൾക്ക് വലിയ പങ്ക് വഹിക്കാനാകും. കേവലം നിഴൽ ബാങ്കുകളായി പ്രവർത്തിക്കാൻ നിർബന്ധിതമാകുന്ന എൻബിഎഫ്‌സികളെ ബാങ്കിംഗ് മേഖലയുടെ കാര്യക്ഷമതയുള്ള അനുബന്ധമായി മാറ്റാൻ ബജറ്റിലൂടെ നിർദ്ദേശമുണ്ടാകണം.

പേമെന്റ് ബാങ്ക്, ചെറുകിട ബാങ്ക് ലൈസൻസുകൾ അനുവദിച്ചത് സ്വാഗതാർഹമാണെങ്കിലും നിലവിലുള്ള ബാങ്കുകളേക്കാൾ വലിയ ബാങ്കിതര ധനകാര്യ കമ്പനികൾ തികഞ്ഞ കാര്യക്ഷമതയോടെ പ്രവർത്തന നേട്ടം കൊയ്യുന്നത് തിരിച്ചറിയപ്പെടണം. അവയ്ക്ക് ബാങ്കിംഗ് ലൈസൻസ് നൽകുന്നതിന്റെ ഏറ്റവും വലിയ ഗുണം ജൻ ധൻ യോജനയ്ക്കുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വർണ്ണ പണയ വായ്പയെ ലോ റിസ്‌ക് വിഭാഗത്തിൽ പെടുത്താനും ബജറ്റിൽ നിർദ്ദേശമുണ്ടാകണമെന്ന് മുത്തൂറ്റ് ഫിനാൻസ് എം ഡി അഭിപ്രായപ്പെട്ടു. മുൻഗണനാ വിഭാഗ വായ്പയുടെ പരിഗണന സ്വർണ്ണ പണയവായ്പയ്ക്കു ലഭ്യമാകുന്ന പക്ഷം ഈ രംഗത്തുള്ള ബാങ്കിതര ധനകാര്യ കമ്പനികൾക്ക് ബാങ്കുകളുടെ പിന്തുണ കൂടുതലായി ലഭിക്കും.ഇടപാടുകാരുടെ പലിശ ഭാരം കുറയ്ക്കാൻ ഇതിലൂടെ സാധ്യമാകും.

മണി ട്രാൻസ്ഫറിന് ഏർപ്പെടുത്തിയ സർവീസ് ചാർജ് പൂർണമായി പിൻവലിക്കണമെന്നും ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് ആവശ്യപ്പെട്ടു. ഒരു ഇടപാടിന് എ ടി എം ഇന്റർചേഞ്ച് ഫീ 20 രൂപയാക്കണം. നിലവിലിത്15 രൂപയാണ്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ബാങ്കിംഗ് സേവനം ലഭ്യമാക്കുന്നതിനു വേണ്ടത്ര വൈറ്റ് ലേബൽ എ ടി എമ്മുകൾ സ്ഥാപിക്കപ്പെടണമെങ്കിൽ നിരക്കു വർധിപ്പിക്കേണ്ടത് ആവശ്യമാണന്ന് അദ്ദേഹം പറഞ്ഞു.