വണ്ടർലായുടെ അറ്റാദായത്തിൽ 46 ശതമാനം വളർച്ച

Posted on: November 8, 2014

WONDERLA-Logo-big

വണ്ടർലാ ഹോളിഡേയ്‌സിന്റെ അറ്റാദായത്തിൽ നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം ക്വാർട്ടറിൽ 46 ശതമാനം വളർച്ചകൈവരിച്ചു. കമ്പനിയുടെ അറ്റാദായം നടപ്പുവർഷം 6.44 കോടി രൂപയായി ഉയർന്നപ്പോൾ മുൻവർഷം ഇതേ കാലയളവിൽ 4.41 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്ത വരുമാനം 27.62 കോടി രൂപയിൽ നിന്നു 34 ശതമാനത്തിന്റെ വർധനയോടെ 37.14 കോടി രൂപയായും ഉയർന്നു.

ഈ കാലയളവിൽ അമ്യൂസ്‌മെന്റ് പാർക്കുകൾ സന്ദർശിച്ചവരുടെ എണ്ണത്തിലും വർധനയുണ്ടായി. മുൻവർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ ഒൻപതു ശതമാനം വർധനയാണുണ്ടായത്. വണ്ടർലാ റിസോർട്ടിൽ ഈ കാലയളവിൽ 44 ശതമാനം മുറികൾ വിറ്റഴിക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 144 ശതമാനം വളർച്ചയാണ് നടപ്പുവർഷം നേടിയതെന്ന് വണ്ടർലാ ഹോളിഡേയ്‌സ് മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. മൂന്നാമത്തെ പാർക്ക് ഹൈദരാബാദിനടുത്ത് സ്ഥാപിക്കാനുള്ള നടപടി ക്രമങ്ങൾ ഏതാനും ആഴ്ചകൾക്കുള്ളിൽ പൂർത്തിയാവുമെന്നും അരുൺ ചിറ്റിലപ്പിള്ളി കൂട്ടിച്ചേർത്തു.