ജാപ്പനീസ് പ്രതിനിധി സംഘം കൊച്ചി സന്ദർശിക്കുന്നു

Posted on: October 24, 2014

INJACK-big

ഇന്തോ ജപ്പാൻ ചേംബർ ഓഫ് കൊമേഴ്‌സ് കേരള (ഇൻജാക്) യുടെ നേതൃത്വത്തിൽ, കേരളവും ജപ്പാനും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജാപ്പനീസ് പ്രതിനിധി സംഘം കൊച്ചി സന്ദർശിക്കും. ജപ്പാനിൽ നിന്ന് 40 ലേറെ അംഗങ്ങളുള്ള പ്രതിനിധിസംഘം നവംബർ 6,7 തിയതികളിൽ കൊച്ചിയിൽ എത്തും. അഞ്ച് ജാപ്പനീസ് നഗരങ്ങളിൽ നിന്നുള്ള മേയർമാർ, ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് അംഗങ്ങൾ, തുടങ്ങിയവർ സംഘത്തിലുണ്ടാകുമെന്ന് കൊച്ചി മേയർ ടോണി ചമ്മിണി പറഞ്ഞു.

ഇൻകെലിന്റെ എംഡിയും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ടി. ബാലകൃഷ്ണൻ ഐഎസ് ആണ് ഇൻജാക്കിന്റെ ചാർട്ടർ പ്രസിഡന്റ്. സാനിൻ ഇന്ത്യ അസോസിയേഷൻ ഓഫ് ജപ്പാൻ ആണ് സന്ദർശനം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ന്യൂഡൽഹി, മുംബൈ, ചെന്നൈ എന്നീ നഗരങ്ങൾ സന്ദർശിച്ച സാനിൻ പ്രതിനിധി സംഘത്തിന്റെ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ സന്ദർശനമാണിത്. എഎസ്എ കേരള, ഇൻജാക്ക് എന്നിവയുടെ പരിശ്രമങ്ങളെ തുടർന്നാണ് സാനിൻ ഇന്ത്യ അസോസിയേഷൻ ഇത്തവണത്തെ സന്ദർശനത്തിൽ കൊച്ചിയും ഉൾപ്പെടുത്തിയത്.

സന്ദർശനത്തിനിടയിൽ സംഘം മുഖ്യമന്ത്രിയുമായും കൊച്ചി മേയറുമായും സംഘം ചർച്ച നടത്തും. കളമശേരി കിൻഫ്ര ഹൈ ടെക് പാർക്കിലെ നിപ്പോൺ കേരള സെന്റർ, ഫിഷിംഗ് ഹാർബർ, മരടിലെ വാട്ടർ സപ്ലെ ഇൻസ്റ്റാലേഷൻ, എറണാകുളത്തെ മാലിന്യസംസ്‌കരണ പ്ലാന്റ്, അരൂരിലെ സമുദ്രോത്പന്ന സംസ്‌കരണ പ്ലാന്റ്, ആയുർവേദ കേന്ദ്രം എന്നിവയും സംഘം സന്ദർശിക്കും.