സംയോജിത സ്റ്റാർട്ടപ്പ് സമുച്ചയം ഉദ്ഘാടനം 13 ന്

Posted on: January 8, 2019

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്റ്റാർട്ടപ്പ് സമുച്ചയമായ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സ് മുഖ്യമന്ത്രി പിണറായി വിജയൻ ജനുവരി 13 ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കളമശേരിയിലെ ടെക്‌നോളജി ഇന്നവേഷൻ സോണിലാണ് അന്തർ ദേശീയ നിലവാരത്തിൽ 1.80 ലക്ഷം ചതുരശ്ര അടിയിൽ സമുച്ചയം തയാറാക്കിയിട്ടുള്ളത്. രാവിലെ 11 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികൾ പങ്കെടുക്കും.

കെഎസ്‌യുഎമ്മിന്റെ സഹകരണത്തോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് സ്ഥാപിച്ചിട്ടുള്ള മേക്കർ വില്ലേജ്, ഹാർഡ്‌വെയർ സ്റ്റാർട്ടപ്പുകൾക്കായുള്ള ഇന്ത്യയിലെ ആദ്യ രാജ്യാന്തര ആക്‌സിലറേറ്ററായ ബ്രിങ്ക്, കാൻസർ ചികിത്സയെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കായുള്ള ഇൻകുബേറ്ററായ ബ്രിക്, കെഎസ്‌യുഎം തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ സഹകരണത്തോടെ രൂപീകരിച്ച ബയോടെക് സ്റ്റാർട്ടപ്പായ ബയോനെസ്റ്റ്, യൂണിറ്റി, സേറാ തുടങ്ങിയ വ്യവസായ സ്ഥാപനങ്ങൾ ചേർന്ന് രൂപം നല്കിയ മികവിന്റെ കേന്ദ്രങ്ങൾ എന്നിവ പുതിയ സമുച്ചയത്തിൽ പ്രവർത്തിക്കും.