ഹോണ്ട ടൂവീലേഴ്‌സ് ജലമാർഗം ചരക്ക് നീക്കം തുടങ്ങി

Posted on: December 26, 2018

സൗരാഷ്ട്ര : പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിച്ചുകൊണ്ട് ഹോണ്ട ടൂവിലേഴ്‌സ് ജലമാർഗം ചരക്കു നീക്കം തുടങ്ങി. ഗുജറാത്തിലെ ഗോഘ-ദാഹെജ് ഫെറിയിൽ പുതിയതായി ആരംഭിച്ച റോൾ-ഓൺ, റോൾ-ഓഫ് (റോ-റോ) സംവിധാനമാണ് ഹോണ്ട ഉപയോഗിക്കുന്നത്.

ഇതോടെ ഹോണ്ട ചരക്കു നീക്കത്തിന് ഉൾനാടൻ ജലഗതാഗതം ഉപയോഗിക്കുന്ന ആദ്യ ടൂവീലർ ഉത്പാദകരായി മാറി. കരമാർഗം വലിയ വാഹനങ്ങൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സാധിക്കും.

ആദ്യ ഷിപ്പ്‌മെന്റ് നാർസപുര പ്ലാന്റിൽ നിന്നും റോഡ് മാർഗം ദക്ഷിണ ഗുജറാത്തിലെ ദാഹെജിലെത്തിച്ചു. തുടർന്ന് റോ-റോ വെസലിൽ സൗരാഷ്ട്രയിലെ ഗോഘയിലേക്ക് എത്തിച്ചു. ഗുജറാത്തിലെ ഭാവ്‌നഗർ ഡീലറുടെ പക്കൽ ചരക്ക് എത്തി. റോ-റോ സംവിധാനം ഉപയോഗിച്ചതു വഴി നാർസപുര പ്ലാന്റിൽ നിന്നും സൗരാഷ്ട്രയിലെത്താനുള്ള സമയം ഒരു ദിവസം കുറഞ്ഞു. ദൂരം 200 കിലോമീറ്റർ മാത്രമായി ചുരുങ്ങി. ഓരോ ട്രിപ്പിലും 150 കിലോഗ്രാം കാർബൺ പുറം തള്ളൽ കുറയുകയും ചെയ്യുമെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദ്‌വീന്ദർ സിംഗ് ഗുലേരിയ പറഞ്ഞു.