എം ഐ ഷാനവാസ് എം പി അന്തരിച്ചു

Posted on: November 21, 2018

കൊച്ചി : കെ പി സി സി വർക്കിംഗ് പ്രസിഡന്റും വയനാട് എം പിയുമായ എം ഐ ഷാനവാസ് (67)അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 ന് എറണാകുളം എസ് ആർ എം റോഡിലെ തോട്ടത്തുംപടി ജുമാമസ്ജിദ് ഖബറിസ്ഥാനിൽ. ചെന്നൈ ക്രേംപെട്ടിലെ ഡോ. റെയ്‌ല ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മെഡിക്കൽ സെന്ററിൽ ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. ഈ മാസം ആദ്യം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. മകൾ അമിനയായിരുന്നു കരൾ ദാനം ചെയ്തിരുന്നത്.

എം ഐ ഷാനവാസിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷന് സമീപമുള്ള വസതിയിൽ എത്തിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെയ്ക്കും.

തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പിൽ പരേതനായ എം.വി. ഇബ്രാഹിംകുട്ടിയുടെയും നൂർജഹാൻ ബീഗത്തിന്റേയും മകനായി 1951 സെപ്റ്റംബർ 22 ന് ജനിച്ച ഷാനവാസ് കെ പി സി സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ ജുബൈരിയത് ബീഗം. മക്കൾ : അമിന ഷാനവാസ്, ഹസീബ് ഷാനവാസ്. മരുമക്കൾ : മുഹമ്മദ് ഹനീഷ് ഐ എ എസ് (എംഡി, കെ.എം.ആർ.എൽ), ടെസ്‌ന ഹബീബ്.

TAGS: M.I Shanavas |