ഐഐഐടിഎം-കെയിൽ സിസ്‌കോ തിങ്കുബേറ്റർ

Posted on: September 22, 2018

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഐ ടി ഉന്നത പഠന ഗവേഷണ സ്ഥാപനമായ ഐ ഐഐടിഎംകെ ആഗോള നെറ്റ് വർക്കിംഗ് കമ്പനിയായ സിസ്‌കോയുമായി ചേർന്ന് സംസ്ഥാനത്ത് ആദ്യത്തെ തിങ്കുബേറ്റർ ലാബ് തുറന്നു. സംസ്ഥാന ഐടി സെക്രട്ടറി ശിവശങ്കർ ഐഎഎസ് തിങ്കുബേറ്റർ ലാബ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ അഞ്ച് തിങ്കുബേറ്ററുകളാണ് സിസ്‌കോ സ്ഥാപിക്കുന്നത്.

വിദ്യാർത്ഥികളുടെ നൂതന സാങ്കേതിക ആശയങ്ങൾക്ക് വിത്തുപാകുകയാണ് ഈ തിങ്കുബേറ്റർ വഴി ഉദേശിക്കുന്നതെന്നും കേരളത്തിന്റെ പുനർനിർമാണത്തിന് വളരെയധികം ഉപയോഗപ്രദമാകുന്ന ഇത്തരം സംരംഭങ്ങൾ വരുംകാലങ്ങളിൽ കേരളത്തിന്റെ സാങ്കേതിക മേഖലയിൽ തന്ത്രപ്രധാനമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും ശിവശങ്കർ പറഞ്ഞു .

കേരളത്തിന്റെ മങ്ങിയ ഇലക്ട്രോണിക് തരംഗത്തിന് തിങ്കുബേറ്ററിന്റെ വരവ് പുതുജീവനേകുമെന്ന് ഐഐഐടിഎം-കെ ഡയറക്ടർ ഡോ. സജി ഗോപിനാഥ് പറഞ്ഞു. തിങ്കുബേറ്ററിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് ഐഐഐടിഎം-കെ നേതൃത്വം നൽകും. തുടർപ്രവർത്തനങ്ങൾ കൊച്ചിയിലെ മേക്കർ വില്ലേജിലാണ് നടക്കുകയെന്നും അദേഹം വ്യക്തമാക്കി.

ഇന്റർനെറ്റ് ഓഫ് തിംഗ്‌സിൽ ഏകജാലക ലാബായി തിങ്കുബേറ്ററുകൾക്ക് പ്രവർത്തിക്കാനാകുമെന്ന് സിസ്‌കോ മാനേജിംഗ് ഡയറക്ടർ ഹരീഷ് കൃഷ്ണൻ പറഞ്ഞു. സിസ്‌കോയുടെ ധനസഹായത്തിൽ നാസ്‌കോമാണ് പദ്ധതി നടപ്പാക്കുന്നത്. ഡെഫി, ലൈ 2 ടെക്‌നോളജിസ് എന്നീ സ്ഥാപനങ്ങളും ഈ സംരംഭത്തിനു പിന്നിലുണ്ട്.

തിങ്കുബേറ്റർ ലാബുകളിൽ ഓരോ വിദ്യാർത്ഥിക്കും ഇഷ്ടമുള്ള മേഖലയിൽ കണ്ടുപിടുത്തങ്ങൾ നടത്താമെന്നും വിദ്യാർത്ഥികളുമായി നടത്തിയ ആശയ വിനിമയത്തിൽ സിസ്‌കോ തിങ്കുബേറ്റർ പ്രോഗ്രാം ലീഡർ ചന്ദ്രശേഖർ രാമൻ പറഞ്ഞു.

നാസ്‌കോം വൈസ് പ്രസിഡൻറ് സന്തോഷ് എബ്രഹാം, ക്ലാപ് റിസേർച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അനൂപ് അംബിക, മേക്കർ വില്ലേജ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പ്രസാദ് ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഐഐഐടിഎംകെ അസോസിയേറ്റ് പ്രഫ ഡോ: അഷറഫ് എസ് സ്വാഗതവും ടെക്‌നിക്കൽ മാനേജർ ശരത് എസ്എം നന്ദിയും പറഞ്ഞു.