ഷഫീന യൂസഫലി മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ ഫോബ്‌സ് ലിസ്റ്റിൽ

Posted on: September 20, 2018

ദുബായ് : മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ ഫോബ്സ് ലിസ്റ്റിൽ ഷഫീന യൂസലി ഇടംപിടിച്ചു. അഭിമാനാർഹമായ വിജയം കൈവരിച്ച 100 വനിതാ എക്‌സിക്യൂട്ടീവ്, ബിസിനസ് വനിതകൾ, പത്ത് സർക്കാർ വകുപ്പ് മേധാവികൾ എന്നിവരാണ് പട്ടികയിലുള്ളത്.

ഫോബ്‌സ് ലിസ്റ്റിൽ ഇടം നേടിയവർക്ക് ഫോബ്സ് മിഡിൽ ഈസ്റ്റ് എഡിറ്റർ ഇൻ ചീഫ് ഖുലോദ് അൽ ഓമിയൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഇത്തവണ പ്രാദേശിക സാമ്പത്തിക മേഖലയ്ക്ക് മികച്ച സംഭാവന നൽകിയ മിഡിൽ ഈസ്റ്റിലെ പ്രവാസി വനിതകളെയും ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.

ജി സി സിയിലെ ഫുഡ് ആൻഡ് ബീവറേജസ് മേഖലക്ക് നൽകിയ സംഭാവനകളാണ് ടെബ്ലേസ് സിഇഒ യും ചെയർപേഴ്സണുമായ ഷഫീന യൂസഫലിക്ക് ലിസ്റ്റിൽ ഇടം നേടിക്കൊടുത്തത്. ചടങ്ങിൽ ആദരിക്കപ്പെട്ട 16 പ്രവാസി വനിതകളിൽ ഏക മലയാളിയാണ് ഷഫീന. യുഎഇ യിലും ഇന്ത്യയിലും രാജ്യാന്തര നിലവാരമുള്ള എഫ് ആൻഡ് ബി ബിസിനസുകൾ ആരംഭിച്ച ഷഫീന പെപ്പെർമിൽ, ബ്ലൂംസ്‌ബെറിസ്, മിങ്സ് ചേമ്പർ തുടങ്ങിയ തദേശീയ ബ്രാൻഡുകൾക്കും നേതൃത്വം നൽകി വരുന്നു. ഏഴ് വർഷത്തിനിടെ യു എഇയിൽ 30 എഫ് ആൻഡ് ബി സ്റ്റോറുകളാണ് ഷഫീന ആരംഭിച്ചത്. ഇന്ത്യയിൽ കോൾഡ് സ്റ്റോൺ ക്രീമറി, ഗലീറ്റോസ്, ബ്ലൂംസ്ബറീസ് എന്നീ എഫ് ആൻഡ് ബി ബ്രാൻഡുകളിൽ 23 സ്റ്റോറുകളാണ് ടെബ്ലേസ് ഓപ്പറേറ്റ് ചെയ്യുന്നത്.

രാജ്യാന്തര തലത്തിൽ ഇത്തരമൊരു അംഗീകാരം ലഭിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നും ,മുന്നോട്ടുള്ള യാത്രയിൽ ഇത് കൂടുതൽ പ്രചോദനം നൽകുമെന്നും ഷഫീന പറഞ്ഞു.