ഹോണ്ട ജാസ് 2018 വിപണിയിൽ

Posted on: July 20, 2018

ന്യൂഡൽഹി : ഹോണ്ട കാർസ് ജാസിന്റെ ഫേസ്‌ലിഫ്റ്റ് വേർഷൻ വിപണിയിൽ അവതരിപ്പിച്ചു. രണ്ട് പെട്രോൾ (വി, വിഎക്‌സ്) വേരിയന്റുകളും മൂന്ന് ഡീസൽ (എസ്, വി, വിഎക്‌സ്) വേരിയന്റുകളുമാണുള്ളത്. എൽഇഡി വിംഗ് ലൈറ്റുകൾ, ക്രോം ഡോർ ഹാൻഡിലുകൾ (വിഎക്‌സ്) തുടങ്ങിയ സവിശേഷതകൾ പുതിയ ജാസിനുണ്ട്. റേഡിയന്റ് റെഡ് മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക് എന്നീ രണ്ട് കളർ ഓപ്ഷനുകൾ ലഭ്യമാണ്.

ജാസിലെ എൻജിനുകളിൽ മാറ്റമില്ല. 1.2 ലിറ്റർ പെട്രോൾ എൻജിൻ 89 എച്ച്പി കരുത്തും 110 എൻഎം ടോർക്കും പ്രദാനം ചെയ്യും. 1.5 ഡീസൽ എൻജിൻ 98 എച്ച്പി കരുത്തും 200 എൻഎം ടോർക്കും നൽകും. എൻജിനുകളുടെ ശബ്ദവും വിറയലും കുറച്ചിട്ടുണ്ടെന്ന് ഹോണ്ട അവകാശപ്പെടുന്നു.

പുഷ് സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ, ഹോണ്ട സ്മാർട്ട് കീ, ക്രൂയിസ് കൺട്രോൾ (സിവിടി, ഡീസൽ വേരിയന്റുകളിൽ മാത്രം), ഫ്രണ്ട് സെന്റർ ആംറെസ്റ്റ്, സെൻട്രൽ ലോക്ക് ആൻഡ് ഹാൻഡ് സ്വിച്ച്, ഡ്രൈവർ സൈഡ് വാനിറ്റി മിറർ തുടങ്ങിയ പുതുമകളും ജാസിലുണ്ട്.

ജാസ് വി എംടി പെട്രോൾ 7.35 ലക്ഷം, വിഎക്‌സ് എംടി 7.79 ലക്ഷം, വി സിടിവി ഓട്ടോമാറ്റിക് 8.55 ലക്ഷം, വിഎക്‌സ് സിവിടി ഓട്ടോമാറ്റിക് 8.99 ലക്ഷം,

ഡീസൽ എസ് എംടി 8.05 ലക്ഷം, ഡീസൽ വി എംടി 8.85 ലക്ഷം, ഡീസൽ വിഎക്‌സ് എംടി 9.29 ലക്ഷം രൂപയുമാണ് ഡൽഹിയിലെ എക്‌സ്‌ഷോറൂം വിലകൾ.