ഫെഡറൽ ബാങ്കിന്റെ അറ്റാദായത്തിൽ 25 ശതമാനം വർധന

Posted on: July 17, 2018

കൊച്ചി : ഫെഡറൽ ബാങ്കിന്റെ അറ്റാദായം ജൂൺ 30 ന് അവസാനിച്ച ക്വാർട്ടറിൽ 25.01 ശതമാനം വർധിച്ച് 262.71 കോടി രൂപയായി. ബാങ്കിന്റെ പ്രവർത്തന ലാഭം മുൻവർഷം ഇതേ കാലയളവിലെ 557.86 കോടി രൂപയിൽ നിന്ന് 602.92 കോടി രൂപയായി. ഗ്രാറ്റുവിറ്റി ചെലവിനായി നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ ക്വാർട്ടറിൽ 54 കോടി രൂപ വകയിരുത്തേണ്ടി വന്ന സാഹചര്യത്തിൽ കൂടിയാണ് ഈ നേട്ടം കൈവരിക്കാനായത്. ബാങ്കിന്റെ ആകെ വരുമാനം വാർഷികാടിസ്ഥാനത്തിൽ 10.74 ശതമാനം വർധിച്ച് 2938.24 കോടി രൂപയായി.

നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ക്വാർട്ടറിൽ അറ്റ പലിശ വരുമാനം 22.40 ശതമാനവും ആകെ ബിസിനസ് 19.40 ശതമാനവും വർധിച്ചു. ആകെ നിക്ഷേപങ്ങൾ 16.07 ശതമാനം വർധിച്ച് 1,11,241.85 കോടി രൂപയിലും വായ്പകൾ 23.58 ശതമാനം വർധിച്ച് 94,296.78 കോടി രൂപയായി. എൻ.ആർ.ഇ. നിക്ഷേപങ്ങളുടെ കാര്യത്തിൽ 19.90 ശതമാനമാണു വർധന. 2,05,538.63 കോടി രൂപയാണ് ബാങ്കിന്റെ ആകെ ബിസിനസ്.

വായ്പകളുടെ കാര്യത്തിൽ ചെറുകിട വായ്പകൾ 18.97 ശതമാനം വളർന്ന് 26,133 കോടി രൂപയിലെത്തിയതായി 2018 ജൂൺ 30 ലെ കണക്കുകൾ സൂചിപ്പിക്കുന്നു. ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായുളള വായ്പ 16.74 ശതമാനം വളർന്ന് 18,681.34 കോടി രൂപയായി. വൻകിട കോർപ്പറേറ്റുകൾക്കായുളള വായ്പകൾ 31.53 ശതമാനം എന്ന റെക്കോർഡ് വളർച്ചയോടെ 41,001.79 കോടി രൂപയായി. കാർഷിക വായ്പകൾ 22 ശതമാനം വളർച്ചയോടെ 9,699 കോടി രൂപയായി.