ഫോര്‍ട്ടിസില്‍ മുതല്‍ മുടക്കാന്‍ മലേഷ്യന്‍ കമ്പിനി

Posted on: July 14, 2018

ന്യൂഡല്‍ഹി : പ്രമുഖ ആശുപത്രി ശൃംഖലയായ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറില്‍ നിക്ഷേപിക്കാന്‍ മലേഷ്യയിലെ ഐഎച്ച്എച്ച് ഹെല്‍ത്ത് കെയര്‍.

മുന്‍ഗണനാ ഓഹരികള്‍ വഴി 4000 കോടി രൂപ  ഐഎച്ച്എച്ച്  ഫോര്‍ട്ടിസില്‍ നിക്ഷേപിക്കും. ടിപിസി മണിപ്പാല്‍ കൂട്ടായ്മ 2100 കോടിയുടെ വാഗ്ദാനം നല്‍കിയിരുന്നു.

ഐഎച്ച്എച്ചിന് 31% പങ്കാളിത്തം ലഭിക്കും. ഓഹരിക്ക് വില 170 രൂപ. ഇതേ നിരക്കില്‍ ഓപ്പണ്‍ ഓഫറിലൂടെ മറ്റൊരു 26% കൂടി നേടാനും ഐഎച്ച്എച്ചിന് പദ്ധതിയുണ്ട്. ഇതിന് 3300കോടി രൂപ കൂടി ചെലവഴിക്കും.

മൂന്നു മാസത്തിനുള്ളില്‍ ഇടപാട് പൂര്‍ത്തിയാക്കും. ഇടപാടുകള്‍ക്ക് ഫോര്‍ട്ടിസ് ഓഹരി ഉടമകളുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ഫോര്‍ട്ടിസിന്റെ പ്രവര്‍ത്തനങ്ങളില്‍ പരിവര്‍ത്തനം വരുത്താന്‍ 100 ദിവസം മാത്രം മതിയാകുമെന്ന്  ഐഎച്ച്എച്ച് മാനേജിംഗ് ഡയറക്ടര്‍ ടാന്‍ സീ ലെങ് പറഞ്ഞു. ഓപ്പണ്‍ ഓഫര്‍ സെപ്റ്റംബര്‍ ആദ്യം തുടങ്ങും. ഫോര്‍ട്ടിസില്‍ നിക്ഷേപം നടത്താന്‍ മൂന്നു ഓഫറുകള്‍ ലഭിച്ചിരുന്നുവെങ്കിലും ഓഹരി ഉടമകളുടെ അനുമതി ലഭിക്കാതെ വന്നതോടെ ഇവ നടപ്പാക്കാനായില്ല.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഫോര്‍ട്ടിസിന് പുതിയ നിക്ഷേപ നിര്‍ദ്ദേശം ശക്തി പകരുമെന്ന് വിലയിരുത്തുന്നു. 34 ആശുപത്രികളുടെ നിയന്ത്രണം ഐഎച്ച്എച്ചിന് ലഭിക്കും. 2600 ഡോക്ടര്‍മാര്‍ക്കും 13,200 മറ്റ്  ജീവനക്കാരും ഫോര്‍ട്ടിസിന്റെ കീഴിലുണ്ട്. 8800 കോടി മൂല്യമുളള ഗ്രൂപ്പാണ് ഫോര്‍ട്ടിസ്.