മൊബൈൽ വരിക്കാരുടെ എണ്ണം 99.93 കോടിയായി

Posted on: March 21, 2018

കൊച്ചി : ഇന്ത്യയിലെ ടെലികോം വരിക്കാരുടെ എണ്ണം 99.93 കോടിയിലെത്തി. റിലയൻസ് ജിയോ ഇൻഫോകോം, മഹാനഗർ ടെലിഫോൺ നിഗം എന്നിവയുടെ 2017 ഡിസംബർ അവസാനം വരെയുള്ള കണക്കുകളും ഇതിൽ ഉൾപ്പെടുന്നതായി ടെലികോം, ഇന്റർനെറ്റ്, ടെക്‌നോളജി, ഡിജിറ്റൽ സേവന ദാതാക്കളുടെ സംഘടനയായ സിഒഎഐ വ്യക്തമാക്കി.

ടെലികോം കമ്പനികളിൽ ഭാരതി എയർടെലാണ് മുന്നിൽ നിൽക്കുന്നത്. ജനുവരിയിൽ 41.73 ലക്ഷം വരിക്കാരെ കൂടി ചേർത്ത് 29.50 ശതമാനം വിപണി പങ്കാളിത്തത്തോടെ മൊത്തം എയർടെൽ വരിക്കാരുടെ എണ്ണം 29.57 കോടിയായി. 21.70 കോടിയുമായി വോഡഫോണാണ് തൊട്ടുപിന്നിൽ. ഐഡിയ സെല്ലുലാർ ജനുവരിയിൽ 44.2 ലക്ഷം വരിക്കാരെ കൂടി ചേർത്തു.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ മൊബൈൽ വരിക്കാരുടെ എണ്ണവും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 8.67 കോടി വരിക്കാരുമായി യുപിയുടെ കിഴക്കൻ മേഖലയാണ് ഏറ്റവും മുന്നിൽ. 8.15 കോടിയുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തുണ്ട്.

സാമ്പത്തിക ബാധ്യതകളിൽ ഉഴലുന്ന ഒരു മേഖലയിൽ വീണ്ടും വളർച്ചയുണ്ടായതിൽ സന്തോഷമുണ്ടൈന്ന് സിഒഎഐ ഡയറക്ടർ ജനറൽ രാജൻ എസ്. മാത്യുസ് പറഞ്ഞു. ഓപറേറ്റർമാർ ഇപ്പോൾ വോയ്‌സ്, ഡാറ്റ എന്നിവയ്ക്കപ്പുറത്തേക്ക് പുതിയ ആശയവിനിമയ സങ്കേതങ്ങൾ പരീക്ഷിക്കുകയാണെന്നും രാജൻ എസ്. മാത്യുസ് പറഞ്ഞു.