ടാറ്റാ ഗ്രൂപ്പ് ചെയർമാൻ പദവിയിൽ എൻ. ചന്ദ്രശേഖരൻ രണ്ടാം വർഷത്തിലേക്ക്

Posted on: February 20, 2018

കൊച്ചി : ടാറ്റാ ഗ്രൂപ്പ് ചെയർമാൻ പദവിയിൽ എൻ. ചന്ദ്രശേഖരൻ ഫെബ്രുവരി 21 ന് ഒരു വർഷം പൂർത്തിയാക്കുന്നു. ഗ്രൂപ്പ് ഇതുവരെ നടത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഏറ്റെടുക്കലുകൾക്ക് നേതൃത്വം നൽകാനൊരുങ്ങിക്കൊണ്ടാണ് അദേഹത്തിന്റെ ചെയർമാൻ പദവിയുടെ രണ്ടാം വർഷം ആരംഭിക്കുന്നത്. ടാറ്റാ ഗ്രൂപ്പിന്റെ 150 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പാഴ്‌സി അല്ലാത്ത ആദ്യ ചെയർമാനാണ് എൻ. ചന്ദ്രശേഖരൻ.

മുൻ ചെയർമാൻ സൈറസ് മിസ്ട്രിയെ പുറത്താക്കിയതിനു ശേഷമുള്ള ഏറ്റവും നിർണായക സാഹചര്യത്തിലാണ് ചന്ദ്രശേഖരൻ ചെയർമാൻ പദവിയിലേക്കെത്തുന്നത്. ടാറ്റാ സൺസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെടും മുമ്പ് ടിസിഎസിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായിരുന്നു.

ടാറ്റാ ടെലിസർവീസസും എൻടിടി ഡോകൊമോയുമായി നില നിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കൽ, ടാറ്റാ മോട്ടോഴ്‌സിന്റെ ആഭ്യന്തര പ്രവർത്തനങ്ങൾക്കു പുതു ഉണർവ് നൽകൽ, ടാറ്റാ സ്റ്റീൽസിന്റെ യൂറോപ്പിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ നീക്കങ്ങൾ തുടങ്ങിയവ അദേഹത്തിന്റെ ആദ്യ വർഷത്തിൽ നേട്ടങ്ങളിൽ ചിലതാണ്. 36,000 കോടി രൂപയ്ക്ക് ഭൂഷൺ സ്റ്റീൽ ഏറ്റെടുക്കാൽ ഏതാണ്ട് തീർച്ചപ്പെടുത്തിക്കഴിഞ്ഞു. ഈ കമ്പനിക്കായുള്ള ഏറ്റവും വലിയ ഓഫർ മുന്നോട്ടു വെച്ചിരിക്കുന്നത് ടാറ്റാ സ്റ്റീൽസ് ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മിസ്ട്രിയുടെ കാലത്തുണ്ടായിരുന്ന ചില പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നീക്കങ്ങളാണ് കഴിഞ്ഞ ഫെബ്രുവരിയിൽ ചുമതലയേറ്റ വേളയിൽ ചന്ദ്രശേഖരനിൽ നിന്നുണ്ടായത്.