സിനിമയോടൊപ്പം ചെസ് : കാർണിവൽ സിനിമാസും ചെസ് ഫെഡറേഷനും ധാരണയിൽ

Posted on: January 19, 2018

കൊച്ചി : മൾട്ടിപ്ലക്‌സ് ശൃംഖലയായ കാർണിവൽ സിനിമാസ്  ചെസിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി അഖിലേന്ത്യാ ചെസ് ഫെഡറേഷനുമായി ധാരണാപത്രം ഒപ്പിട്ടു. സിനിമയോടൊപ്പം ചെസ് എന്നതാണ് ആശയം.

എല്ലാ പ്രായത്തിലും ഉള്ള ചെസ് പ്രേമികൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് ചെസ് പഠനവേദി ഒരുക്കുകയാണ് ഉദ്ദേശ്യം. ഇന്ത്യയിലെ 50 ലധികം കാർണിവൽ സിനിമാസിലും ചെസ് പഠന-മത്സരവേദികൾ ആരംഭിക്കും.

കാർണിവൽ സിനിമാസിന്റെ എജ്യു-ടെയ്ൻമെന്റ് പരിപാടികളുടെ ഭാഗം കൂടിയാണിത്. രണ്ടാംനിര, മൂന്നാം നിര നഗരങ്ങളിൽ ചെസിന്റെ വളർച്ചയ്ക്കായി ഒട്ടേറെ പരിപാടികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് കാർണിവൽ സിനിമാസ് മാനേജിംഗ് ഡയറക്ടർ പി വി സുനിൽ പറഞ്ഞു.

പരിശീലന പരിപാടികളുടെ ഭാഗമായി പ്രാദേശിക ചെസ് ഹീറോകളും ഗ്രാൻഡ് മാസ്റ്റർമാരും, മറ്റു പ്രശസ്ത കായിക പ്രതിഭകളും, കാർണിവൽ സിനിമാസ് ചെസ് പരിശീലന കളരികളിൽ എത്തുമെന്ന് അഖിലേന്ത്യാ ചെസ് ഫെഡറേഷൻ സെക്രട്ടറി ഭരത്‌സിംഗ് പറഞ്ഞു.

കുട്ടികളുടെ ഓർമ്മശക്തി, ശ്രദ്ധാദൈർഘ്യം, യുക്തി ചിന്താശേഷി എന്നിവ വർധിപ്പിക്കുന്ന രസകരമായ കളിയാണ് ചെസ്‌ബോർഡ് ഗെയിം: സിനിമ വഴി ചെസ് പ്രേമികളെ ചെസ് ബോർഡിലെത്തിക്കുകയാണ് കരാറിന്റെ ലക്ഷ്യം.

രാജ്യത്തെ 110 നഗരങ്ങളിലെ 160 കേന്ദ്രങ്ങളിലായി 425 സ്‌ക്രീനുകളാണ് കാർണിവൽ സിനിമാസിനുള്ളത് 1,25,000 ആണ് മൊത്തം ഇരിപ്പിടശേഷി: ഓരോ വർഷവും കാർണിവൽ സിനിമാസിലെത്തുന്നത് 50 ദശലക്ഷത്തിലധികം പ്രേക്ഷകരാണ്.