ടെലികോം കമ്മീഷൻ നിർദ്ദേശങ്ങൾ സിഒഎഐ സ്വാഗതം ചെയ്തു

Posted on: January 12, 2018

കൊച്ചി : ടെലികോം മേഖലയുടെ സാമ്പത്തികാരോഗ്യം സംബന്ധിച്ച മന്ത്രിതല സമിതിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കാനുള്ള ടെലികോം കമ്മീഷൻ തീരുമാനത്തെ സെല്ലുലാർ ഓപറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ സ്വാഗതം ചെയ്തു.

മന്ത്രിതല സമിതി കഴിഞ്ഞ ഓഗസ്റ്റിൽ സമർപ്പിച്ച നിർദേശങ്ങളെ കുറിച്ച് ചർച്ച ചെയ്യാനായി സർക്കാരിന്റെ ടെലികോം നയ രൂപീകരണത്തിലെ ഉന്നത സമതിയായ ടെലികോം കമ്മീഷൻ ഒമ്പതിന് യോഗം ചേർന്നിരുന്നു. ടെലികോം മേഖലയുടെ മൊത്തം ബാധ്യത 4.6 ലക്ഷം കോടിയാകുകയും വരുമാനം രണ്ടു ലക്ഷം കോടിയിൽ താഴെയായി ഇടിയുകയും ചെയ്തതിനെ തുടർന്ന് ഇന്ത്യൻ ടെലികോം രംഗത്തെ സാമ്പത്തിക അനാരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികൾ നിർദേശിക്കാനായിട്ടാണ് മന്ത്രിതല സമിതിയെ നിയോഗിച്ചത്.

സ്‌പെക്ട്രത്തിൽ വീഴ്ച്ചയുണ്ടായിട്ടുള്ള പേമെന്റ് കാലാവധി 10 തവണയിൽ നിന്നും 16 തവണയാക്കാനുള്ള തീരുമാനം കാഷ് ഒഴുക്ക് എളുപ്പമാക്കുമെങ്കിലും വ്യവസായത്തിന് നേരിട്ട് ഇതുകൊണ്ട് ഗുണമൊന്നും ഇല്ലെന്ന് സിഒഎഐ ഡയറക്ടർ ജനറൽ രാജൻ എസ്.മാത്യൂസ് പറഞ്ഞു.

പ്രാഥമികമായി കാഷ് ഫ്‌ളോ സുഗമമാക്കുമെങ്കിലും കാലാവധി നീട്ടുന്നതിലൂടെ വ്യവസായം അധിക തുക അടയ്‌ക്കേണ്ട സ്ഥിതിയിലാകുമെന്നും 80,000 കോടി രൂപയാണ് അധികമായി അടയ്‌ക്കേണ്ടി വരുന്നതെന്നും കാലാവധി നീട്ടുന്നതിനൊപ്പം പലിശയിൽ ഇളവു വരുത്താനുള്ള നിർദേശവും ഉണ്ടാവേണ്ടിയിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.

TAGS: COAI |