ബ്രഹ്മോസിനുള്ള നൂറാമത് സെറ്റ് എയർ ഫ്രെയിം അസംബ്ലികൾ ഗോദ്‌റെജ് എയ്‌റോ സ്‌പേസ് കൈമാറി

Posted on: December 6, 2017

കൊച്ചി : പ്രതിരോധ രംഗത്തെ ഇന്ത്യയുടെ അഭിമാനമായ ബ്രഹ്മോസ് മിസൈലിൽ ഉപയോഗിക്കുന്നതിനായി ഗോദ്‌റേജ് എയ്‌റോസ്‌പേസ് തയാറാക്കിയ എയർ ഫ്രെയിം അസംബ്ലികളുടെ നൂറാമതു യൂണിറ്റ് ബ്രഹ്മോസ് എയ്‌റോസ്‌പേസിനു കൈമാറി. ഇന്ത്യയുടെ പ്രതിരോധ രംഗത്തെ ശേഷി വർധിപ്പിക്കുന്ന മേഖലയ്ക്കായി വിലയേറിയ സംഭാവനകൾ നൽകുന്ന കമ്പനിയുടെ പാരമ്പര്യത്തിന്റെ തുടർച്ചയായാണ് ഈ നേട്ടം.

നാഴിക്കല്ലു പിന്നിടുന്ന ഈ നേട്ടം ആഘോഷിക്കുന്ന വേളയിൽ ഗോദ്‌റേജ് എയ്‌റോസ്‌പേസ് സന്ദർശിച്ച ബ്രഹ്മോസ് എയ്‌റോസ്‌പേസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുധീർ മിശ്ര ഗോദ്‌റേജ് ആൻഡ് ബോയ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജംഷിദ് എൻ. ഗോദ്‌റെജിൽ നിന്നാണ് നൂറാമത് എയർഫ്രെയിം യൂണിറ്റ് ഏറ്റു വാങ്ങിയത്. രാജ്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന രീതിയിൽ 17 വർഷമായി ഗോദ്‌റെജും ബ്രഹ്മോസും സഹകരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ജംഷിദ് എൻ. ഗോദ്‌റെജ് പറഞ്ഞു.

തദ്ദേശീയ നിർമാണവും സാങ്കേതികവിദ്യാധിഷ്ഠിത പരിഹാരങ്ങളുമായി രാജ്യത്തെ സേവിക്കുന്നതിലുള്ള തങ്ങളുടെ പ്രതിബദ്ധത കൂടിയാണ് ഇവിടെ ദൃശ്യമാകുന്നത്. ഗോദ്‌റേജിനും ബ്രഹ്മോസിനും ഇന്ത്യയ്ക്കും അഭിമാനാർഹമായ നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സഹകരണം പുതിയ നാഴികക്കല്ലുകൾ പിന്നിടുമെന്ന് ഉറപ്പാണെന്നും ഇത് ആവേശകരമായ ഒരു മാതൃകയാണെന്നും ബ്രഹ്മോസ് എയ്‌റോസ്‌പേസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സുധീർ മിശ്ര ചൂണ്ടിക്കാട്ടി.