സ്റ്റീൽബേർഡ് ഹെൽമറ്റ്‌സിന് 2020 ൽ 200 ശതമാനം വളർച്ചാ ലക്ഷ്യം

Posted on: December 5, 2017

കൊച്ചി : ഹെൽമറ്റ് ബ്രാൻഡായ സ്റ്റീൽബേർഡ് ഹൈ ടെക്ക് ഇന്ത്യ ലിമിറ്റഡ് 2020 ടെ നിലവിലെ ബിസിനസ് രണ്ടിരട്ടിയാക്കാൻ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി സ്റ്റീൽബേർഡ് വിലകൂടിയ വാഹനങ്ങളുടെ ആക്സസറീസ്, റൈഡിങ് ഗിയർ തുടങ്ങിയ ഉത്പന്നമേഖലകളിലേക്കും പ്രവേശിക്കും. ലോകത്തെ ഒന്നാം നമ്പർ ഹെൽമറ്റ് ബ്രാൻഡായ ബിഫി (ബി ഐ ഇ എഫ് എഫ് ഇ ഇ ) യുടെ സാങ്കേതിക പങ്കാളിത്തത്തോടെയാണ് സ്റ്റീൽബേർഡ് ബ്രാൻഡുകൾ വിപണിയിലെത്തുന്നത്.

രാജ്യത്ത് വ്യാപകമായ വ്യാജ പതിപ്പുകൾ നേരിടാൻ സ്റ്റീൽബേർഡ് കണക്ട് മൊബൈൽ ആപ്പ് രൂപകൽപന ചെയ്താണ് സ്റ്റീൽബേർഡ് ബ്രാൻഡുകൾ ഗുണമേന്മ ഉറപ്പു വരുത്തിയത്. ആപ്പ് വഴി ബോധവത്ക്കരണവും ഉത്പന്നങ്ങളുടെ കൃത്യമായ ഉപയോഗരീതികളും ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സ്റ്റീൽബേർഡിന് കഴിഞ്ഞു. നിലവിൽ 47 മോഡലുകളാണ് സ്റ്റീൽബേർഡ് വിപണിയിൽ ഇറക്കിയിട്ടുള്ളതെന്നും ഓരോ മാസവും മൂന്ന് പുതിയ ശ്രേണി അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും സ്റ്റീൽബേർഡ് ഗ്ലോബൽ ഗ്രൂപ്പ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേധാവി ശൈലേന്ദ്ര ജെയ്ൻ പറഞ്ഞു.

ഇന്ത്യയിലെ അതിവേഗ വളർച്ച രേഖപ്പെടുത്തിയ സ്റ്റീൽബേർഡ് ഗ്രൂപ്പ് ഹെൽമറ്റ്, റീട്ടെയ്ൽ ഓട്ടോമൊബൈൽ പാർട്‌സ്, എന്റർടെയ്ൻമെന്റ്, മ്യൂസിക്കൽ ചാനൽ, ഓൺലൈൻ ഷോപ്പിംഗ് പോർട്ടൽ, മോട്ടോറിംഗ് സ്‌പോർട്‌സ് എന്നീ മേഖലകളിലാണ് ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ ഹെൽമറ്റ് നിർമാതാക്കളായ സ്റ്റീൽബേർഡിന് പ്രതിദിനം 21000 ഹെൽമറ്റുകൾ ഉത്പാദന ശേഷിയുള്ള ഏഴ് നിർമാണ പ്ലാന്റുകളാണുള്ളത്. 53 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള കമ്പനിക്ക് ഇറ്റലിയിൽ അഞ്ചിലേറെ പഠന, ഗവേഷണ കേന്ദ്രങ്ങളും പരിശീലനം ലഭിച്ച മൂവായിരത്തിലേറെ ജീവനക്കാരുമുണ്ട്.

ആക്സസറീസ് മേഖലയിൽ നിലവിലെ ഗുണമേന്മയുള്ള ബ്രാൻഡുകളുടെ അഭാവം തിരിച്ചറിഞ്ഞാണ് സ്റ്റീൽബേർഡ് റൈഡിങ് ഗിയർ, ആക്സസറീസ് മേഖലയിലേക്ക് കടന്നുവന്നതെന്ന് ശൈലേന്ദ്ര ജെയ്ൻ പറഞ്ഞു. ഹെൽമറ്റ്, റൈഡിങ് ഗിയർ, ജാക്കറ്റ്, ഗ്ലൗസ്, സൺഗ്ലാസ്, നീ പാഡ്, വിൻഡ് സ്യൂട്ട്, റെയ്ൻ സ്യൂട്ട് തുടങ്ങിയ ഉത്പന്നങ്ങളുമായാണ് സ്റ്റീൽബേർഡ് വിപണി കീഴടക്കാൻ ഒരുങ്ങുന്നത്.

കൊച്ചി, ബംഗളൂരു, ഗുവാഹത്തി, പൂനെ, ഹൈദരാബാദ്, പഞ്ചിം, ലുധിയാന എന്നീ നഗരങ്ങളാണ് ബൈക്കേഴ്സ് ഹബ് എന്നറിയപ്പെടുന്നത്. സൂപ്പർ ബൈക്കുകളും ട്രെൻഡി ബൈക്കുകളും കൂടുതലായി ഉപയോഗിക്കപ്പെടുന്നതും ഈ നഗരങ്ങളിലാണ്. ഇത്തരം ബൈക്കുകൾ ഉപയോഗിക്കുന്നവർക്കായി റൈഡേഴ്സ് ഗിയർ അനിവാര്യമായതിനാൽ പ്രത്യേകം ഷോപ്പുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. രണ്ടു വർഷത്തിനുള്ളിൽ രാജ്യത്താകമാനം 200 റൈഡേഴ്സ് ഷോപ്പി ആരംഭിക്കാനാണ് സ്റ്റീൽബേർഡ് ലക്ഷ്യമിടുന്നത്. ഇതിൽ 50 ഷോപ്പുകൾ കൊച്ചി, ബംഗലുരു, മൈസൂർ, ഉഡുപ്പി, ചെന്നൈ, ഹൈദരാബാദ് എന്നീ ദക്ഷിണേന്ത്യൻ നഗരങ്ങളിലാണ് ആരംഭിക്കുക.

റൈഡേഴ്സ് ഷോപ്പി ആരംഭിക്കുന്നതോടെ രാജ്യാന്തര നിലവാരമുള്ളതും വിശ്വസനീയവുമായ ബൈക്കിങ്ങ് ഗിയറുകൾ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുമെന്ന് കേരള മാർക്കറ്റിംഗ് ഏജന്റ് ഷെറിൻ ആലുങ്കൽ പറഞ്ഞു.