കെഎംഎ ഡിജിറ്റൽ മാർക്കറ്റിംഗ് ശിൽപശാല സംഘടിപ്പിച്ചു

Posted on: November 22, 2017

കെഎംഎ കൊച്ചിയിൽ സംഘടിപ്പിച്ച ഡിജിറ്റൽ മാർക്കറ്റിംഗ് ശിൽപശാലയിൽ ഡിജിറ്റൽ മാർക്കറ്റിംഗ് വിദഗ്ധനായ അർജുൻ രവീന്ദ്രൻ പാണ്ഡവത്ത് സംസാരിക്കുന്നു.

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷൻ ഡിജിറ്റൽ മാർക്കറ്റിംഗുമായി ബന്ധപ്പെട്ട ഏകദിന ശിൽപശാല സംഘടിപ്പിച്ചു. മാർക്കറ്റിങ്ങിലും സാങ്കേതികവിദ്യകളിലും വിദഗ്ധനും സംരംഭകനുമായ എസ്.ആർ. നായർ, ആസ്ര്‌ടോവിഷൻ ഫ്യൂച്ചർടെക്കിന്റെയും മാലയോഗത്തിന്റെയും വെഡ്വൈസർ പീപ്പിൾ കണക്റ്റിന്റെയും ഡയറക്ടറും ഇന്ത്യയിലും വിദേശങ്ങളിലും ഡിജിറ്റൽ മാർക്കറ്റിംഗിലും സോഫ്റ്റ്‌വേർ സാങ്കേതികവിദ്യകളിലും മൊബൈൽ ആപ് പ്രോഡക്റ്റ് മാനേജ്‌മെന്റിലും കൺസ്യൂമർ ഇന്റർനെറ്റിലും പ്രഗത്ഭനുമായ അർജുൻ രവീന്ദ്രൻ പാണ്ഡവത്ത് എന്നിവർ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി.

പരമ്പരാഗത മാധ്യമങ്ങിലൂടെയുള്ള മാർക്കറ്റിംഗിനേക്കാൾ താരതമ്യേന ലാഭകരമാണു ഡിജിറ്റൽ മാർക്കറ്റിംഗ് രീതി. ഏതു തരത്തിലുള്ള ബിസിനസിനും അത് അനുയോജ്യമാണ്. നിലവിലെ സാഹചര്യത്തിലുള്ള ഡിജിറ്റൽ മാർക്കറ്റിംഗ്, അതിനുള്ള ഉപായങ്ങൾ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണു ശിൽപശാല സംഘടിപ്പിച്ചത്.

സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ, സോഷ്യൽ മീഡിയ ഒപ്റ്റിമൈസേഷൻ, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, പേ പെർ ക്ലിക്ക്, ഓൺലൈൻ അഡ്വർട്ടൈസ്‌മെന്റ്‌സ് തുടങ്ങി നിരവധി വിഷയങ്ങൾ ശിൽപശാല ചർച്ച ചെയ്തു. മാനേജ്‌മെന്റ് എജ്യുക്കേഷൻ പ്രോഗ്രാം ചെയർപേഴ്‌സൺ എൽ. നിർമല സ്വാഗതം പറഞ്ഞു.