രാജ്യത്തെ മൊബൈൽ വരിക്കാരുടെ എണ്ണം 94.7 കോടി

Posted on: October 24, 2017

കൊച്ചി : രാജ്യത്തെ മൊബൈൽ വരിക്കാരുടെ എണ്ണം സെപ്റ്റംബർ അവസാനിക്കുമ്പോൾ 946.66 ദശലക്ഷമായി ഉയർന്നുവെന്ന് ടെലികോം സേവനദാതാക്കളുടെ സംഘടനയായ സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (കോയ്) അറിയിച്ചു. റിലയൻസ് ജിയോ ഇൻഫോകോം, മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് എന്നിവയുടെ ഓഗസ്റ്റിലെ വരിക്കാർ ഉൾപ്പെടെയാണിത്.

വരിക്കാരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നതു ഭാരതി എയർടെൽ തന്നെയാണ്. സെപ്റ്റംബറിൽ പുതിയതായി 10 ലക്ഷം വരിക്കാരെ കൂട്ടിച്ചേർത്ത എയർടെല്ലിന്റെ വിപണി വിഹിതം 29.8 ശതമാനമാണ്. വരിക്കാരുടെ എണ്ണം 282.04 ദശലക്ഷമായി ഉയർന്നു. തൊട്ടുപിന്നിലുള്ള വോഡഫോൺ ഇന്ത്യയ്ക്ക് 207.44 ദശലക്ഷം വരിക്കാരും ഐഡിയ സെല്ലുലാറിന് 190.15 ദശലക്ഷം വരിക്കാരുമുണ്ട്.

ഏറ്റവും കൂടുതൽ വരിക്കാരുള്ള സർക്കിൾ യുപി (ഈസ്റ്റ്) ആണ്. ഇവിടെ 83.46 ദശലക്ഷം വരിക്കാരാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 79.2 ദശലക്ഷം വരിക്കാരും ബീഹാറിൽ 76.15 ദശലക്ഷം വരിക്കാരുമാണുള്ളത്. പുതിയ വരിക്കാരെ ചേർക്കുന്നതിൽ മികച്ച വളർച്ച നേടിയത് കേരളവും (0.69 ശതമാനം) ഹരിയാനയും (0.37 ശതമാനം) ആണ്. സെപ്റ്റംബറിൽ 273250 വരിക്കാരെ ചേർത്ത് മുംബൈയിൽ 30.17 ദശലക്ഷവും 136,216 വരിക്കാരെ ചേർത്ത ഡൽഹിയിൽ 47.57 ദശലക്ഷവും വരിക്കാരുണ്ട്.

അടിസ്ഥാന മൊബൈൽ സേവനം ലഭ്യമാക്കുന്നതിനു ഇനിയും വളരെ സാധ്യതകൾ ഉണ്ടെന്നതിനു തെളിവാണ് കേരളം, ഹരിയാന, ഗുജറാത്ത് തുടങ്ങിയസംസ്ഥാനങ്ങളിൽ വരിക്കാരുടെ എണ്ണം വർധിച്ചതെന്നു കോയ് ഡയറക്ടർ ജനറൽ രാജൻ മാത്യൂസ് ചൂണ്ടിക്കാട്ടി. ഈ മേഖലകളിൽ സ്ഥിരതയോടെ നിക്ഷേപം നടത്തിക്കൊണ്ടിരുന്നാൽ പോസീറ്റീവ് ഫലങ്ങൾ ഉണ്ടാക്കും.

എന്നാൽ ഇന്ത്യൻ ടെലികോം വ്യവസായം 4.6 ലക്ഷം കോടി രൂപയുടെ കടത്തിലാണെന്നും അദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിസ്ഥാനസൗകര്യമൊരുക്കാനും വികസനത്തിനുമായി കുറഞ്ഞതു 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൂടി ആവശ്യമാണെന്നും രാജൻ മാത്യൂസ് പറഞ്ഞു.