സ്റ്റാർട്ടപ്പ് മിഷന്റെ ഐഡിയ ഡേ : നവംബർ നാലിന്

Posted on: October 20, 2017

തിരുവനന്തപുരം : കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഐഡിയ ഡേയുടെ രണ്ടും മൂന്നും പതിപ്പുകൾ യഥാക്രമം നവംബർ നാലിനും പതിനൊന്നിനും പാല സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനീയറിംഗിൽ നടത്തപ്പെടും. അന്ധതയെ അതിജീവിച്ച് നൈപുണ്യവികസന മേഖലയിൽ പ്രവർത്തിക്കാനായി ജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപിച്ച ടിഫാനി ബ്രാറിന്റെ പ്രഭാഷണത്തോടെയാണ് പരിപാടി ആരംഭിക്കുന്നത്.

നമുക്ക് ചുറ്റുമുള്ള സാമൂഹിക പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിനും നിർവചിക്കുന്നതിനും, ആഗോളതലത്തിലേക്ക് പരിവർത്തിപ്പിക്കാവുന്ന പരിഹാരങ്ങൾ നിർണയിക്കുന്നതിനുമാണ് നവംബറിലെ ഐഡിയ ഡേയ്ക്ക് ഈ പ്രമേയങ്ങൾ സ്വീകരിച്ചതെന്ന് കെഎസ്‌യുഎം സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

ആഗോള വിപണി വികസന സാധ്യതയുള്ള ഉത്പന്നത്തിന് 12 ലക്ഷം രൂപ വരെ കെഎസ്‌യുഎം നൽകും. കേരളത്തിലെ 196 കോളജുകളിൽ രൂപീകരിച്ചിട്ടുള്ള നൂതന സംരംഭക വികസന കേന്ദ്രങ്ങളിലൂടെ (ഐഇഡിസി) നിലവിൽ കെഎസ്‌യുഎം വിദ്യാർഥി സംരംഭകർക്കായി ഇന്നവേഷൻ ഫണ്ട് നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾ https://startupmission.kerala.gov.in/pages/ideaday എന്ന വെബ്‌പേജിൽ ലഭിക്കും.