ഫെഡറൽ ബാങ്കിന് 583 കോടി റെക്കോർഡ് പ്രവർത്തന ലാഭം

Posted on: October 16, 2017

കൊച്ചി : നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം ക്വാർട്ടറിൽ ഫെഡറൽ ബാങ്ക് 583.20 കോടി രൂപയുടെ റെക്കോർഡ് പ്രവർത്തന ലാഭം. മുൻ വർഷത്തെ ഇതേ കാലയളവിലെ 474.93 കോടി രൂപയെ അപേക്ഷിച്ച് 22.80 ശതമാനം വർധനവാണിത്. ആകെ നിഷ്‌ക്രിയ ആസ്തികൾ 2.39 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തികൾ 1.32 ശതമാനവുമായി മെച്ചപ്പെട്ടു.

31 ശതമാനം വർധനവോടെ 264 കോടി രൂപ അറ്റാദായമുണ്ടാക്കാനും ബാങ്കിനു സാധിച്ചതായി സെപ്റ്റംബർ 30 ന് അവസാനിച്ച ത്രൈമാസത്തെ ഓഡിറ്റു ചെയ്യാത്ത സാമ്പത്തിക ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു. ബാങ്കിന്റെ ആകെ ബിസിനസിൽ 17.80 ശതമാനം വർധനവും കൈവരിക്കാനായിട്ടുണ്ട്. ഇക്കാലയളവിൽ ചെറുകിട നിക്ഷേപങ്ങളുടെ കാര്യത്തിൽ 16 ശതമാനം വളർച്ചയും എൻആർഇ നിക്ഷേപങ്ങളുടെ കാര്യത്തിൽ 17.86 ശതമാനം വളർച്ചയും കൈവരിച്ച ബാങ്ക് ആകെ വായ്പകളുടെ കാര്യത്തിൽ 24.54 ശതമാനം വർധനവാണു കൈവരിച്ചിട്ടുള്ളത്.

ഈ വർഷം സെപ്റ്റംബർ 30 ലെ കണക്കു പ്രകാരം ആകെ വായ്പകൾ 81496.54 കോടി രൂപയിലും ആകെ നിക്ഷേപങ്ങൾ 97210.75 കോടി രൂപയിലും എത്തിയതായും സാമ്പത്തിക ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു. കറന്റ് – സേവിംഗ്‌സ് അക്കൗണ്ടുകളുടെ കാര്യത്തിൽ 19.52 ശതമാനം വർധനവും കൈവരിച്ചു.