സമുദ്രോത്പന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് വൻ നേട്ടം

Posted on: October 12, 2017

കൊച്ചി : സമുദ്രോത്പന്ന കയറ്റുമതിയിൽ നടപ്പ് സാമ്പത്തിക വർഷം ആദ്യ ക്വാർട്ടറിൽ ഗണ്യമായ വർധന. ഏപ്രിൽ – ജൂൺ കാലയളവിൽ 9,066 കോടി രൂപ (1.42 ബില്യൺ ഡോളർ)യുടെ മൂല്യമുള്ള 2,51,735 ടൺ സമുദ്രോത്പന്നമാണ് കയറ്റുമതി ചെയ്തത്. അന്താരാഷ്ട്ര വിപണിയിൽ ശീതീകരിച്ച ചെമ്മീനിനും കണവയ്ക്കും ലഭിച്ച വൻ ഡിമാൻഡാണ് കയറ്റുമതി ഉയർത്തിയത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ കയറ്റുമതി 2,01,223 ടണ്ണായിരുന്നു. 50512 ടണ്ണിന്റെ വളർച്ചയാണ് ഇത്തവണയുണ്ടായത്. അമേരിക്കയും തെക്കുകിഴക്കൻ ഏഷ്യയുമാണ് ഇന്ത്യയിൽനിന്ന് ഏറ്റവുമധികം സമുദ്രോത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത്. യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നിവിടങ്ങളിലും മികച്ച ആവശ്യക്കാരുണ്ട്. ചൈനയിലേക്കുള്ള കയറ്റുമതിയിലും ഗണ്യമായ വർധന രേഖപ്പെടുത്തി.

ചെമ്മീനിന്റെ മികച്ച വിളവും യൂറോപ്യൻ യൂണിയൻ ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയുടെ ഗുണമേന്മ അംഗീകരിച്ചതുമാണ് നേട്ടമുണ്ടാകാൻ കാരണമെന്ന് മറൈൻ പ്രോഡക്ട്‌സ് എക്‌സ്‌പോർട്ട് പ്രൊമോഷൻ ഡെവലപ്മന്റ് അഥോറിറ്റി ചെയർമാൻ ഡോ എ. ജയതിലക് അഭിപ്രായപ്പെട്ടു.

സമുദ്രോത്പന്ന കയറ്റുമതിയിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ തുറമുഖം വിശാഖപട്ടണമാണ്. 2,481.03 കോടി രൂപ മൂല്യമുള്ള 43,315 ടൺ ഉത്പന്നങ്ങളാണ് വിശാഖപട്ടണത്തുനിന്ന കയറ്റുമതി ചെയ്തത്. കൃഷ്ണപട്ടണം(19,917 ടൺ, 1096 കോടി രൂപ), കൊച്ചി (29630 ടൺ, 1027.39 കോടി രൂപ), കൊൽക്കത്ത (21,433 ടൺ, 993.74 കോടി), ജെഎൻപി (37,011 ടൺ, 971.99 കോടി), പിപാവാവ് (49,334 ടൺ, 831.83 കോടി) തൂത്തുക്കുടി (10986 ടൺ 582.50 കോടി) ചെന്നൈ (11,300 ടൺ, 516.09കോടി) എന്നിങ്ങനെയാണ് മറ്റു തുറമുഖങ്ങളിൽനിന്നുള്ള കയറ്റുമതി.